
ചെറിയ തട്ടിപ്പ് മുതൽ ലക്ഷങ്ങളുടെ തട്ടിപ്പുകൾ വരെ… നമ്മളിലുണ്ടാകുന്ന ചെറിയ അശ്രദ്ധ പോലും നഷ്ടപ്പെടുത്തുന്നത് പലപ്പോഴും ലക്ഷങ്ങളായിരിക്കും. തട്ടിപ്പു സംഘങ്ങളുടെ ഹബ്ബായി കണ്ണൂർ മാറുന്ന കാഴ്ചയാണ് സമീപകാലങ്ങളായി കണ്ടുവരുന്നത്. കടലാസ് കമ്പനികളും ഓൺലൈൻ മാഫിയയും ആത്മീയ തട്ടിപ്പുകാരുമെല്ലാം ജില്ലയിൽ നിന്ന് അടുത്തിടെ കവർന്നത് കോടികളാണ്.
വിശ്വാസം ചൂഷണം ചെയ്ത്
ഹിമാലയൻ തേർഡ് ഐ ട്രസ്റ്റിന്റെ പേരിലാണ് ജില്ലയിൽ അടുത്തിടെ വൻതട്ടിപ്പ് നടത്തിയത്. ഓൺലൈൻ ആത്മീയ ക്ലാസുകളിൽ പങ്കെടുത്താൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് പറഞ്ഞാണ് തട്ടിപ്പ്. കേരളത്തിനകത്തും പുറത്തുമായി നിരവധിയാളുകൾ തട്ടിപ്പിന് ഇരയായതായാണ് വിവരം. മമ്പറം സ്വദേശിയായ പ്രശാന്ത് മാറോളി എന്നയാളുടെ പരാതിക്ക് പിന്നാലെയാണ് തട്ടിപ്പ് പുറംലോകം അറിഞ്ഞത്. ഇയാളുടെ പരാതിയിൽ ഡോക്ടർമാർ ഉൾപ്പെടെ ആറുപേർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഡോ. അഷ്റഫ്, ഡോ. അഭിനന്ദ് കാഞ്ഞങ്ങാട്, കെ.എസ് പണിക്കർ, അനിരുദ്ധൻ, വിനോദ് കുമാർ, സനൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രപഞ്ചോർജത്തെ ഫലപ്രദമായി ഉപയോഗിച്ച് സർവോന്മുഖമായ നേട്ടം ആത്മീയകാര്യങ്ങളിൽകൂടി കൈവരിക്കുമെന്ന് യൂട്യൂബിൽ പരസ്യം നൽകിയാണ് തട്ടിപ്പ്. സാമ്പത്തിക വിദ്യാഭ്യാസ കാര്യങ്ങളിൽ നേട്ടം, ജോലി ഉയർച്ച, സന്താന ഭാഗ്യം എന്നിവ ലഭിക്കുമെന്ന് ആളുകളെ വിശ്വസിപ്പിച്ചു. സ്റ്റാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഒന്നാം പ്രതിയായ അഷ്റഫ് എന്നയാളാണ് ക്ലാസ് നടത്തിയത്. ക്ലാസിൽ പങ്കെടുക്കുന്നവരിൽ നിന്ന് 14,000 രൂപ വാങ്ങും. ഗുരുവിന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ആയിരമോ, പതിനായിരമോ ലക്ഷങ്ങളോ നൽകാം. ഇതിനായി ആയിരം പേരടങ്ങുന്ന വാട്സ് ആപ്പ് ഗ്രൂപ്പുമുണ്ട്. നേട്ടം ലഭിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ വീഡിയോയും മറ്റ് വിവരങ്ങളും ഈ ഗ്രൂപ്പിലൂടെ വിശ്വാസം നേടാനായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
കാലത്തിനൊത്ത്
പുതു തട്ടിപ്പുമാർഗങ്ങൾ
വെർച്വൽ അറസ്റ്റ്, ഓൺലൈൻ ജോലി തുടങ്ങി തട്ടിപ്പുകൾക്കെതിരെ അധികൃതർ ജാഗ്രത ശക്തമാക്കുന്നതിനിടെയാണ് തട്ടിപ്പുസംഘങ്ങൾ പുതുവഴികൾ തേടുന്നത്. വിവിധ സർക്കാർ സേവനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ അറിയിപ്പുകൾ വ്യാപകമാകുന്നുണ്ട്. മൊബൈൽ ഫോൺ കണക്ഷനുമായി ബന്ധപ്പെട്ട കോളുകളാണ് പുതിയ തട്ടിപ്പുകളിലൊന്ന്. പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കോൾ വരും. സ്പാം ഫ്ളാഗ് ഉണ്ടാകില്ല. റെക്കോഡഡ് കോൾ ആയിരിക്കും. ടെലികോം ഡിപ്പാർട്മെന്റിൽ നിന്നാണ്. നിങ്ങളുടെ മൊബൈൽ ഫോൺ കണക്ഷൻ വൻ പ്രശ്നത്തിലാണ്. രണ്ടുമണിക്കൂറിനകം ഡിസ്കണക്ട് ആകും. അതുവേണ്ടെങ്കിൽ ഒമ്പതു അമർത്തണം. എന്നൊക്കെയാകും നിർദേശങ്ങൾ. ഇങ്ങനെ ഒ.ടി.പി അമർത്തി പണം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
അടുത്തിടെ കണ്ണൂരിനെ പിടിച്ചുകുലുക്കിയ മറ്റൊരു തട്ടിപ്പായിരുന്നു അർബൻ നിധി കേസ്. ഇരുപതിനായിരം മുതൽ 5,00,000 രൂപ വരെ നിക്ഷേപങ്ങളും 10,00,00 മുതൽ 34,00,000 രൂപവരെയുള്ള സ്ഥിര നിക്ഷേപങ്ങളും വാങ്ങിയാണ് തൃശൂർ, മലപ്പുറം സ്വദേശികളടങ്ങിയ സംഘം തട്ടിപ്പ് തുടങ്ങിയത്. കണ്ണൂർ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഈ കേസ് കൈകാര്യം ചെയ്യുന്നത്. വിവിധങ്ങളായ 212 കേസുകളാണ് ഇതിന്മേൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തത്.
ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്ത് കർഷകരിൽ നിന്നും വ്യാപാരികളിൽ നിന്നുമായി കോടികൾ നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ച റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസഴ്സ് കമ്പനി 2021 ൽ ആയിരുന്നു കണ്ണൂരിൽ പ്രവർത്തനം ആരംഭിച്ചത്. ആയിരക്കണക്കിന് നിക്ഷേപകർക്ക് കോടികൾ വരുന്ന പണം തിരികെ ലഭിക്കാതെ ബുദ്ധിമുട്ടി.
തൃശൂർ ആസ്ഥാനമായ ഹൈറിച്ച് കമ്പനിയുടെ പ്രമോട്ടർമാരും ഇടനിലക്കാരുമായി 39 പേർക്കെതിരെയാണ് കണ്ണൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. ഈ കമ്പനിയിൽ കണ്ണൂരിൽ നിന്ന് ഊഹിക്കാൻ കഴിയുന്നതിലും വലിയ നിക്ഷേപം പോയിട്ടുണ്ടെന്നാണ് വിവരം. നിയമനടപടികൾ കഴിഞ്ഞ് നിക്ഷേപം തിരിച്ചുകിട്ടുമെന്ന വിശ്വാസത്തിൽ 90 ശതമാനം നിക്ഷേപകരും പൊലീസിനെ സമീപിച്ചിട്ടില്ലെന്നും വിവരമുണ്ട്.
ചതിക്കുഴികൾ
മോട്ടർ വാഹന വകുപ്പിന്റെ എം പരിവാഹൻ, കേന്ദ്ര സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് അടക്കമുള്ള വിവിധ പദ്ധതികൾ, യൂനോ, യൂണിയൻ ബാങ്ക് തുടങ്ങിയവയുടെ ആപ്പിന്റെ പേരിൽ തട്ടിപ്പുകൾ വ്യാപകമാണ്. ബാങ്കുകളുടെ ആപ്പുകളെന്ന വ്യാജേന നടക്കുന്ന തട്ടിപ്പിൽ ആധാർ കാർഡ് ബാങ്ക് അക്കൗണ്ടുമായി ഇന്ന് 5 മണിക്കകം ലിങ്ക് ചെയ്യണമെന്നും അല്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നുമാണ് മെസേജ് വരിക. ഫോണിൽ നിന്ന് ലിങ്ക് ചെയ്യാൻ എ.പി.കെയിൽ ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. പിന്നാലെ വരുന്ന ഒ.ടി.പി അയച്ചു കൊടുക്കുന്നതിലൂടെ അക്കൗണ്ടിലെ മുഴുവൻ പണവും കാലിയാകും. വാഹനങ്ങളുടെ നിയമ ലംഘനവുമായി ബന്ധപ്പെട്ട് എ.ഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇചലാൻ എന്ന വ്യാജേന മെസേജുകളും വാട്സ്ആപ്പ് സന്ദേശങ്ങളും പ്രചരിക്കുകയാണ്. സീറ്റ് ബെൽറ്റും ഹെൽമറ്റുമൊക്ക ധരിച്ചു വാഹനമോടിച്ചവർക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്സ്ആപ്പിൽ മെസേജ് അയച്ചാണ് തട്ടിപ്പ്.പിഴത്തുക അടയ്ക്കാൻ ചീല ഫയൽ ഡൗൺലോഡ് ചെയ്യാനും ആവശ്യപ്പെടും. ഈ ഫയൽ ഡൗൺ ലോഡ് ചെയ്യുന്നതോടെ ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെ ഫോണിലെ മുഴുവൻ വിവരങ്ങളും തട്ടിപ്പുകാർക്ക് സ്വന്തമാകും.പരിവാഹന് ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ ഫയൽ ഇല്ലെന്നും പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവ വഴി മാത്രമേ പരിവാഹൻ ആപ് ഇൻസ്റ്റാൾ ചെയ്യാനാകൂ എന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അധികൃതർ പറയുന്നു. ഒറ്റ നോട്ടത്തിൽ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തിൽ ചലാൻ നമ്പർ 14 അക്കമാണ്. എന്നാൽ യഥാർഥ ചലാനിൽ 19 അക്കങ്ങളുണ്ട്. ഈ സൈബർ തട്ടിപ്പിനെതിരെ മോട്ടർ വാഹന വകുപ്പും പൊലീസും സമൂഹമാധ്യമങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൂടുതലും സ്ത്രീകൾ
പാതി വില തട്ടിപ്പിൽ നൽകിയ പരാതികളിൽ ബഹുഭൂരിഭാഗവും സ്ത്രീകളുടേതാണ്. ആയിരക്കണക്കിനായ സാധാരണക്കാരായ സ്ത്രീകളാണ് പകുതി വിലയ്ക്ക് സ്കൂട്ടർ നല്കണമെന്ന വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ടത്. സംസ്ഥാനത്ത് മുഴുവനായി നടന്ന തട്ടിപ്പിൽ ഏറ്റവുമധികം ആളുകൾ കബളിപ്പിക്കപ്പെട്ടതും കണ്ണൂരിലാണ്. സീഡ് സൊസൈറ്റി എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
ജാഗ്രത വേണം
ആരെങ്കിലും വാട്സ്ആപ്പിൽ അയച്ച് തരുന്ന ആപ്ലിക്കേഷൻ ഫയലിൽ ക്ലിക്ക് ചെയ്യരുത്.
ഇ ചലാൻ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു മാത്രം വിവരങ്ങൾ സ്വീകരിക്കുക.
വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒരു വ്യാജ സന്ദേശത്തിൽ നൽകരുത്. ഇത്തരം വിവരങ്ങൾ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലഭിക്കുന്ന മെസേജ് തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഇചലാൻ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക.
ഞെട്ടിക്കുന്ന കണക്ക്
അഞ്ചുവർഷത്തിനിടയിൽ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ഓഫ് ലൈൻ തട്ടിപ്പുകൾക്ക് പുറമെ ഓൺലൈൻ തട്ടിപ്പുകൾ കൂടി കൂട്ടുമ്പോൾ ഏകദേശം അൻപതിനായിരം കോടിയോളം കടത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. പാതിവില തട്ടിപ്പിൽ മാത്രം മൂവായിരത്തിന് മുകളിൽ പരാതികൾ കണ്ണൂരിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹൈ റിച്ച്, അർബൻ നിധി, റോയൽ ട്രാവൻകൂർ എന്നിവയിൽ കബളിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തത്. അതേസമയം ഈ തട്ടിപ്പുകളിൽ കബളിപ്പിക്കപ്പെട്ട ഭൂരിഭാഗംപേരും പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നതാണ് സത്യം.