
കാസർകോട്: ശശി തരൂർ എംപിയെ നേരിട്ട് വിളിച്ച് നല്ല ഉപദേശം നൽകിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ശശി തരൂർ അദ്ദേഹത്തിന്റെ അഭിപ്രായം വ്യക്തമാക്കിയെന്നും വ്യക്തികൾക്ക് അഭിപ്രായങ്ങൾ ഉണ്ടാകാമെന്നും സുധാകരൻ പറഞ്ഞു. എന്നാൽ ഔദ്യോഗികമായി അംഗീകരിക്കുന്നത് പാർട്ടി തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂർ പ്രവർത്തകസമിതി അംഗത്വം ഒഴിയണമെന്ന കോൺഗ്രസ് നേതാവ് എംഎം ഹസന്റെ അഭിപ്രായത്തെപ്പറ്റി ചോദിച്ചപ്പോൾ പാർട്ടി നിശ്ചയിക്കട്ടെ എന്നായിരുന്നു സുധാകരന്റെ മറുപടി. കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാൻ ഹൈക്കമാൻഡ് ഉണ്ടെന്നും പ്രാപ്തിയുള്ള നേതാക്കളുടെ കൈയിലാണ് കോൺഗ്രസ് പാർട്ടിയെന്നും സുധാകരൻ പറഞ്ഞു. ‘അഭിപ്രായ വ്യത്യാസങ്ങളാണ് പാർട്ടിയിലുള്ളത്, സംഘർഷമല്ല. പറയേണ്ട കാര്യങ്ങൾ ശശി തരൂരിനോട് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യവുമെടുത്ത് നല്ല ഉപദേശമാണ് ശശി തരൂരിന് നൽകിയത്’- സുധാകരൻ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ച ഒരു പ്രമുഖ ഇംഗ്ലീഷ് പത്രത്തിൽ ശശി തരൂർ എഴുതിയ ലേഖനമാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. പിണറായി സർക്കാർ സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളിൽ കൈവരിച്ച നേട്ടത്തെ അഭിനന്ദിച്ച് കൊണ്ടായിരുന്നു ശശി തരൂരിന്റെ ലേഖനം. ഇതോടെയാണ് ശശി തരൂരിനെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയത്. വിമർശനങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയും നേരിട്ടും ശശി തരൂർ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. നല്ലത് ചെയ്താൽ അഭിനന്ദിക്കുന്നതാണ് തന്റെ വിശ്വാസമെന്നായിരുന്നു ശശി തരൂർ ഇന്നലെ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]