
ലക്നൗ: മഹാകുംഭമേളയോടനുബന്ധിച്ച് ഗംഗയും യമുനയും അദൃശ്യമായി ഒഴുകുന്ന സരസ്വതിയും ഒത്തുച്ചേരുന്ന സംഗമ സ്ഥാനത്തിൽ ഇതിനോടകം 500 ദശലക്ഷത്തിലധികം പേരാണ് സ്നാനം ചെയ്തത്. ഇത്രയുമധികം ആളുകൾ മുങ്ങി നിവർന്നിട്ടും എന്തെങ്കിലും തരത്തിൽ അസുഖം പകർന്നതായി റിപ്പോർട്ടുകളില്ലെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര ശാസ്ത്ര വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ആണവ സാങ്കേതികവിദ്യയാണ് ഇതിന് സഹായിച്ചതെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത്.
50 കോടിയിലധികം പേരാണ് മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയത്. എവിടെനിന്നും വൃത്തി സംബന്ധമായ പരാതികളോ പകർച്ച വ്യാധികൾ സംബന്ധമായ പ്രതിസന്ധികളോ ഉയർന്നുവന്നില്ല. അതികഠിനമായ പ്രയത്നമായിരുന്നു അതിന് വേണ്ടിവന്നതെന്ന് ഡയബറ്റോളജിസ്റ്റ് കൂടിയായ മന്ത്രി പറഞ്ഞു. മുംബയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ, കൽപ്പാക്കത്തെ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ വിന്യാസത്തിലൂടെയാണ് ഈ അതുല്യ നേട്ടം സാദ്ധ്യമായത്. ആണവോർജ്ജ വകുപ്പിന്റെ അംഗീകാരത്തോടെയാണ് രണ്ട് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. ‘ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച് റിയാക്ടേഴ്സ്’ എന്ന മലിനജല സംവിധാനമാണ് കുംഭമേളയിൽ സ്ഥാപിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
കുംഭമേളയിൽ 11 സ്ഥിരം മാലിന്യ സംസ്കരണ പ്ലാന്റുകളും മൂന്ന് താത്കാലിക മാലിന്യ സംസ്കരണ പ്ലാന്റുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. മലിനജലം സംസ്കരിക്കാൻ സൂക്ഷ്മാണുക്കളെയാണ് പ്ളാന്റുകൾ ഉപയോഗിക്കുന്നത്. ‘ഫീക്കൽ സ്ളഡ്ജ് ട്രീറ്റ്മെന്റ് പ്ളാന്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ആണവോർജ്ജ വകുപ്പിലെ ഡോ. വെങ്കട് നഞ്ചരയ്യ ആണ് വികസിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മഹാകുംഭ മേളയിൽ ഗംഗാ നദിക്കരയിൽ സ്ഥാപിച്ചിരിക്കുന്ന പ്ളാന്റുകൾക്ക് ദിവസത്തിൽ 1.5 ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ സാധിക്കും. മാത്രമല്ല, സംവിധാനം പ്രവർത്തിക്കാൻ കുറഞ്ഞ അളവിൽ സ്ഥലം, കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ പ്രവർത്തന ചെലവ് എന്നിവ മതിയായതിനാൽ ഗ്രാനുൽസ് അധിഷ്ഠിത സംവിധാനത്തിന് ചെലവും വളരെ കുറവാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. പരമ്പരാഗത മാർഗങ്ങളിൽ നിന്ന് 30 മുതൽ 60 ശതമാനംവരെ ചെലവ് കുറയ്ക്കാനാണ് പുതിയ സംവിധാനം സഹായിക്കുന്നത്. നേരത്തെ നടന്ന കുംഭമേളകളിൽ കോളറ, വയറിളക്കം തുടങ്ങിയ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ടതിനാൽ ഇക്കൊല്ലം ഇത്തരം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് വലിയ നേട്ടമായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, മേള നടക്കുന്ന പ്രദേശത്ത് 1.5 ലക്ഷം ടോയ്ലറ്റുകളാണ് ഉത്തർപ്രദേശ് സർക്കാർ സ്ഥാപിച്ചത്. കുടിവെള്ളത്തിനായും പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിരുന്നു.