കാടും മനുഷ്യനും പരസ്പരം ഇഴ ചേർന്നു നിൽക്കേണ്ട രണ്ട് ബിംബങ്ങളാണ്. കാടില്ലാതെ മനുഷ്യന് നിലനിൽപ്പില്ല. ഈ വസ്തുത നിലനില്‍ക്കെ തന്നെ മനുഷ്യന്റെ ജീവനും നിലനിൽപ്പിനും ഇതേ കാട് തന്നെ ഭീഷണിയാകുന്നുവെങ്കിൽ ആ പാരസ്പര്യത്തിൽ ഉലച്ചിൽ സംഭവിച്ചിട്ടുണ്ടാകുമെന്ന് തീര്‍ച്ച. കാരണക്കാരല്ല ഇതിന്റെ ഇരകൾ എന്നുള്ളതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. യുദ്ധകാല അടിസ്ഥാനത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ വനം – വന്യജീവി സംരക്ഷണ നിയമങ്ങളുടെ ഫലം ചോർന്നു പോവുകയും മനുഷ്യർ ഈ നിയമത്തിനെതിരെ കലാപകൊടി പിടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടും. എന്തുകൊണ്ട് വന്യജീവികൾ കാടിറങ്ങുന്നു? എന്തുകൊണ്ട് അവ കാടിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യർക്ക് ഭീഷണിയാകുന്നു? കാടേറിയ 20 വർഷത്തെ അനുഭവങ്ങളില്‍ നിന്ന് ഒരു കുറിപ്പ്.
പ്രധാന കാരണങ്ങൾ രണ്ടാണ്. ഒന്ന് കാടിനുണ്ടായ മാറ്റം, രണ്ട് വന്യജീവികളുടെ സ്വഭാവ സവിശേഷതയിൽ ഉണ്ടായ മാറ്റം.
കാടിനുണ്ടായ മാറ്റം
15 – 20 വർഷം മുമ്പ് വയനാടൻ കാട്ടിലൂടെ സഞ്ചരിച്ചിട്ടുള്ള ആരും അനുഭവിച്ചിട്ടുള്ള കാര്യമാണ് വയനാടൻ കാടിന്റെ കുളിരും പച്ചപ്പും. ധാരാളം മുളങ്കാടുകളും പുൽമൈതാനങ്ങളും മൊട്ടകുന്നുകളും അരുവികളും വെള്ളക്കെട്ടുകളും കുളങ്ങളും എല്ലാമുണ്ടായിരുന്ന ആ തണുത്ത വയനാടൻ കാട് ഇന്ന് വെറുമൊരു ഓർമ്മ മാത്രം. അന്ന് വേനൽ കാലത്ത് പോലും രാത്രിയായാൽ ചെറിയൊരു കുളിരുണ്ടാവും. എന്നാൽ ഇന്ന് വയനാടൻ കാടിന്റെ അന്തരീക്ഷം പാടെ മാറി.
കിഴക്ക് ഡക്കാൻ പീഠഭൂമിയിൽ നിന്ന് വരണ്ട കാലാവസ്ഥ കുറേശ്ശെയായി വയനാടൻ കാടിനെ വിഴുങ്ങാൻ തുടങ്ങി. കടുത്ത ചൂടാണ് ഇന്ന് വയനാടിന്. പ്രത്യേകിച്ച് വേനൽ കാലത്ത്. മുളകൾ കരിഞ്ഞുണങ്ങി. ഫെബ്രുവരി ആവുന്നതോടുകൂടി കാടിനുള്ളിലെ ജലസ്രോതസ്സുകൾ വറ്റി വരണ്ടു തുടങ്ങും. ഫെബ്രുവരി കഴിഞ്ഞാൽ കേരളത്തിലെ ഒട്ടുമിക്ക കാടുകളും ചുട്ടുപഴുക്കും. പിന്നാലെ മനുഷ്യരിടുന്ന കാട്ടുതീ കാടിനെ ഇല്ലാതെയാക്കുന്നു. ഇതിനിടെ വന്യജീവികൾ എന്ത് ചെയ്യും?
വെള്ളത്തിനും ഭക്ഷണത്തിനുമായി മൃഗങ്ങൾ കാടിറങ്ങും. കാടിറങ്ങുന്ന വന്യജീവികൾക്ക് എളുപ്പത്തിൽ ഭക്ഷണം കിട്ടിത്തുടങ്ങിയാൽ, ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾ അതൊരു ശീലമാക്കും. പിന്നെ കൂടെക്കൂടെ കാടിറങ്ങും. കാട്ടിലെ വന്യജീവികളുടെ ദാരിദ്ര്യം, നാട്ടിലെ മനുഷ്യരുമായുള്ള സംഘർഷമായി മാറുന്നു.
ഇനി, കാടിനകത്തെ വൃക്ഷങ്ങളുടെ കാര്യമെടുക്കാം. വയനാടിന്റെ സ്വാഭാവിക വനസമ്പത്ത് നശിച്ചു കഴിഞ്ഞു. വന്യജീവികൾക്ക് ആഹാരമാവേണ്ടിയിരുന്ന പല സസ്യങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പകരം ഒരു ജീവിക്കും തിന്നാൻ പറ്റാത്ത മഞ്ഞക്കൊന്നയും(Senna) അരിപ്പു ചെടി (Lantana) ഉൾപ്പെടെയുള്ള സസ്യങ്ങൾ കാട് കീഴടക്കി. സങ്കടമാവും ഇപ്പോൾ വയനാടൻ കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ. പുൽമേടുകളും വയലുകളും എല്ലാം ഈ അധിനിവേശ സസ്യങ്ങൾ കീഴടക്കി കഴിഞ്ഞു. വന്യജീവികൾ കാടിറങ്ങുന്നതിന് മറ്റൊരു കാരണം വേണ്ട.
ഇത് വയനാടന്‍ കാറ്റിന്റെ കാര്യം മാത്രമല്ല. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ വനമേഖലയിലെയും അവസ്ഥ തന്നെ. പറമ്പിക്കുളത്തും തേക്കടിയിലും ചിന്നാറിലും ചെന്തുരുണിയിലുമെല്ലാം ഇത്തരത്തിലുള്ള അധിനിവേശ സസ്യങ്ങൾ ധാരാളം കാണാം. വന്യമൃഗങ്ങൾ തീറ്റ തേടി കാടിറങ്ങുന്നതിന് മറ്റെന്ത് കാരണം?
സ്വഭാവങ്ങളിലെ മാറ്റം
മനുഷ്യ – വന്യജീവി സംഘർഷങ്ങള്‍ കൂടുന്നു. വന്യജീവികൾ മനുഷ്യനെ പണ്ടേ പോലെ പേടിക്കുന്നില്ലെന്ന് തന്നെ. മുമ്പ് ഇതായിരുന്നില്ല അവസ്ഥ. മനുഷ്യന്റെ ഒരു ചെറിയ സാമീപ്യം പോലും വന്യജീവികളെ ഭയപ്പെടുത്തിയിരുന്നു. ആന അടക്കമുള്ള മൃഗങ്ങൾ മനുഷ്യരുടെ അനക്കം കേട്ടാൽ ദൂരേക്ക് മാറിപ്പോയിരുന്നു. എന്തുകൊണ്ട് ഇന്ന് വന്യജീവികൾ മനുഷ്യരെ പേടിക്കുന്നില്ല? ഉത്തരം ലളിതമാണ്, അവയുടെ സ്വഭാവത്തില്‍ മാറ്റം വന്നു.
ഓരോ ജീവി വർഗ്ഗത്തിനും അവയുടെ തനത് സ്വഭാവ സവിശേഷതകൾ ജനിതക ഘടനകളിലൂടെയാണ് പാരമ്പര്യമായി കൈമാറി കിട്ടിയത്. നമ്മുടെ വന്യജീവി സംരക്ഷണ നിയമങ്ങൾ കർശനമാക്കുന്നതിന് മുമ്പ് നമ്മുടെ കാടുകളില്‍ മൃഗ വേട്ടകൾ നടന്നിരുന്നു. ഒപ്പം, കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ തോക്ക് ഉപയോഗിച്ച് നേരിട്ടിരുന്നു. ഇത് മനുഷ്യരുമായി ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ മൃഗങ്ങളെ പ്രേരിപ്പിച്ചു. എന്നാൽ, വന്യജീവി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോട് കൂടി നായാട്ട് ഒരു പരിധിവരെ ഇല്ലാതായി. കൃഷിയിടത്തിലേക്ക് ഇറങ്ങുന്ന വന്യജീവികളെ ഉപദ്രവിച്ച് ഓടിക്കുന്ന രീതിയും അവസാനിച്ചു.
മനുഷ്യരില്‍ നിന്നുള്ള എതിര്‍പ്പുകൾ കുറഞ്ഞതോടെ മനുഷ്യരോടുള്ള ഭയം മൃഗങ്ങളില്‍ നിന്നും പതുക്കെ ഇല്ലാതായി. സാമൂഹിക ജീവികളായ ആനകളുടെ കാര്യം തന്നെ എടുക്കാം. കൂട്ടത്തിലെ മുതിർന്ന ആനകൾ പാലിക്കുന്ന ചിട്ടകളാണ് കുട്ടിയാനകൾ പിന്തുടരുന്നത്. മുമ്പ് മനുഷ്യനെ കണ്ടാൽ വഴിമാറുക എന്നതായിരുന്നു മുതിർന്ന ആനകൾ കുട്ടിയാനകൾക്ക് നൽകിയിരുന്ന സന്ദേശം. എന്നാൽ, ഇന്ന് മുതിർന്ന ആനകൾ മനുഷ്യരുമായി ഏറ്റുമുട്ടുന്നത് കണ്ടാണ് അവര്‍ വളരുന്നത് തന്നെ. ഇത് കുട്ടിയാനകളില്‍ ചെറുപ്പത്തിലെ തന്നെ മനുഷ്യനോടുള്ള ഭയം ഇല്ലാതാക്കുന്നു. പതിറ്റാണ്ടുകളുടെ കാടനുഭവങ്ങളില്‍ അത്തരം ചില അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വന്യജീവികളുടെ സ്വഭാവത്തില്‍ കാലാനുസൃതമായമായി വരുന്ന മാറ്റങ്ങളെ കുറിച്ച് നമ്മുക്ക് വിശദമായ പഠനം ആവശ്യമാണ്. എങ്കില്‍ മാത്രമേ അതിനൊരു കൃത്യമായ പരിഹരം കാണാന്‍ നമ്മുക്ക് കഴിയൂ.
ഇനിയുമുണ്ട് കാരണങ്ങൾ
അതിലൊന്നാണ് ടൂറിസം. കാടിനോട് ചേർന്നും കാടിനുള്ളിലുമുള്ള അനിയന്ത്രിതമായ റിസോർട്ട് നിർമ്മാണങ്ങൾ. കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങലിലും ഇത് കാണാം. ഇവിടെ പ്രശ്നം രണ്ടാണ്. ഒന്ന്, കാടിനോട് ചേർന്ന് മനുഷ്യവാസം കൂടുന്നു. രണ്ട്, ഇത്തരം ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വാഹനങ്ങളുടെ ഒഴുക്ക്. ഇത് രണ്ടും വന്യജീവികളുടെ സ്വാഭാവിക ജീവിതത്തിന് ഭീഷണിയാണ്. വന്യജീവികളെ പ്രകോപിതരാക്കുന്ന പ്രധാന കാരണങ്ങൾ.
മൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ കുറഞ്ഞു വരുന്നു. മനുഷ്യന്റെ കടന്നുകയറ്റം കാരണം സ്വാഭാവിക വനമേഖലകൾ ചെറിയ തുരുത്തുകളായി രൂപാന്തരപ്പെടുന്നു. വനത്തിനുള്ളിലും വനത്തോട് ചേർന്നുമുള്ള ക്വാറികള്‍, വന്യജീവികളുടെ വംശവർദ്ധനവ്, സ്വാഭാവിക ആനത്താരകൾ ഇല്ലാതായി… എല്ലാം വിരൽ ചൂണ്ടുന്നത് ഒരേയൊരു പ്രശ്നത്തിലേക്കും. പരിഹാരം തേടുകയല്ല ഇനി വേണ്ടത്. പ്രവര്‍ത്തിയാണ്. അതല്ലായെങ്കില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാകും.
(വന്യജീവി ഫോട്ടോഗ്രാഫറും നിലമ്പൂർ കരിമ്പുഴ വന്യജീവി സങ്കേതം അഡ്വൈസറി ബോർഡ് മെമ്പറുമാണ് ലേഖകൻ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]