തിരുവനന്തപുരം: പട്ടം കൊട്ടാരവളപ്പിലെ ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഇനി മുതൽ മറ്റു ഭക്തർക്കും പ്രവേശിക്കാം. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ തേവാരമായിരുന്ന ക്ഷേത്രത്തിലേക്കാണ് പൊതുജനങ്ങളായ വിശ്വാസികൾക്കും പ്രവേശിക്കാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഭാര്യ രാധാദേവി അമ്മച്ചിയ്ക്ക് വേണ്ടിയാണ് മാർത്താണ്ഡവർമ്മ പട്ടം കൊട്ടാര വളപ്പിൽ ശിവക്ഷേത്രം പണിതത്.
മഹാശിവഭക്തയായിരുന്നു രാധാ ദേവി. 1945 കാലഘട്ടത്തിലാണ് ക്ഷേത്രം പണി കഴിപ്പിച്ചത്. അന്നുമുതൽ രണ്ട് നേരം പൂജയുള്ള ക്ഷേത്രമാണിത്. ദക്ഷിണാമൂർത്തി ഭാവത്തിലാണ് ശിവപ്രതിഷ്ഠ.കൂടാതെ മഹാവിഷ്ണു സാന്നിദ്ധ്യവും ക്ഷേത്രത്തിനുള്ളിലുണ്ട്. സാളഗ്രാമ ശിലയാണ് വിഷ്ണു സങ്കൽപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. എല്ലാ വ്യാഴാഴ്ചയും വിഷ്ണുപൂജയുണ്ട്. പ്രദോഷം, ധനു മാസത്തിലെ തിരുവാതിര, മഹാശിവരാത്രി എന്നീ വിശേഷ അവസരങ്ങളിൽ പ്രത്യേക പൂജയും നടത്തിവരുന്നുണ്ട്. രാവിലെ 9.30 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ 7 വരെയുമാണ് ക്ഷേത്രം തുറക്കുക.
രണ്ട് മാസങ്ങൾക്ക് മുമ്പാണ് ക്ഷേത്രം പുതുക്കി പണിതത്. എസ്.യു.ടി ആശുപത്രി മാനേജിമെന്റിന്റെയടക്കം സഹായത്തോടെയായിരുന്നു ഇത്. പൊതുജനങ്ങൾക്ക് കൂടി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കണം എന്നത് ഉത്രാടം തിരുന്നാളിന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ക്ഷേത്രം ട്രസ്റ്റ് മെമ്പറും ചരിത്രകാരിയുമായ ഉമാ മഹേശ്വരി വ്യക്തമാക്കി.
മാർത്താണ്ഡ വർമ്മ പൂജിച്ച അപൂർവ വിഗ്രഹങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ പൂജിച്ചിരുന്ന അമൂല്യങ്ങളായ നിരവധി വിഗ്രഹങ്ങൾ പട്ടം കൊട്ടാരത്തിൽ നിന്ന് പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. അനന്തപദ്മാനഭൻ, ധർമ്മ ശാസ്ത്രാവ് എന്നിവയെല്ലാം ഇത്തരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ അനന്തപദ്മനാഭ വിഗ്രഹം മാർത്താണ്ഡ വർമ്മ എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോയിരുന്നു. ലോകത്തെവിടെയാണെങ്കിലും ഈ വിഗ്രഹത്തിൽ അദ്ദേഹം പൂജ നടത്തിയിരുന്നു. വിഗ്രഹത്തെ കുറിച്ച് അത്ഭുതകരമായ ഒരു അനുഭവം ഒരിക്കൽ മാർത്താണ്ഡ വർമ്മ പങ്കുവച്ചത്, ദിവസം കഴിയുന്തോറും അതിന് ഭാരം വർദ്ധിക്കുന്നുവെന്നാണ്. ശബരിമലയിൽ ഇന്ന് കാണുന്ന ശാസ്താവിന്റെ വിഗ്രഹം മാർത്താണ്ഡ വർമ്മ പൂജിച്ച വിഗ്രഹത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിട്ടുള്ളത്.