
തിരുവനന്തപുരം : രാഷ്ട്രീയകാര്യ സമിതി രൂപീകരണത്തിൽ കോൺഗ്രസിലെ ഗ്രൂപ്പുകൾക്ക് അതൃപ്തി. സമിതിയിലെ ആളെണ്ണം കൂട്ടിയിട്ടും നാമമാത്ര പരിഗണന മാത്രമേ തങ്ങൾക്ക് ലഭിച്ചിട്ടുളളുവെന്നാണ് എ ഗ്രൂപ്പ് ഉയർത്തുന്ന വിമർശനം. പാർട്ടി വേദിയിൽ ഒട്ടും സജീവമല്ലാത്തവരെ പോലും രാഷ്ട്രീയകാര്യ സമിതിയിലേക്ക് ചേർത്തുവെന്നും ഗ്രൂപ്പുകൾ വിമർശിക്കുന്നു. എംപിമാരെ രാഷ്ട്രീയ കാര്യ സമിതിയിലേക്ക് തെരഞ്ഞെടുത്ത മാനദണ്ഡം ശരിയല്ലെന്നും നിർണ്ണായക ചർച്ച നടക്കേണ്ട കമ്മിറ്റിയിൽ ആളെ കുത്തി നിറച്ചെന്നും വ്യാപക വിമർശനമുയരുന്നുണ്ട്.
അംഗങ്ങളുടെ എണ്ണം 36 ലേക്ക് ഉയർത്തിയാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചത്. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതിയെ ജംബോകമ്മിറ്റിയാക്കിയത്. 19 പേരാണ് പുതുമുഖങ്ങൾ. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി. ഇതോടെ കെ സി വേണുഗോപാൽ പക്ഷത്തിനാണ് രാഷ്ട്രീയകാര്യ സമിതിയിൽ മുൻതൂക്കം.
അഞ്ച് ഒഴിവുകളായിരുന്നു രാഷ്ട്രീയകാര്യ സമിതിയിൽ നികത്തേണ്ടിയിരുന്നത്. പ്രവർത്തക സമിതി അംഗമായ ശശി തരൂർ, അടൂർ പ്രകാശ്, എം കെ രാഘവൻ, ആൻറോ ആൻറണി. ഹൈബി ഈഡൻ എന്നീ എംപിമാർ സമിതിയിലേക്കെത്തി. എ പി അനിൽകുമാർ, സണ്ണി ജോസഫ്, റോജി എം ജോൺ, ഷാഫി പറമ്പിൽ എന്നിവരാണ് പുതിയതായെത്തിയ എംഎൽഎമാർ. ജോസഫ് വാഴക്കൻ, എൻ സുബ്രഹ്മണ്യൻ, അജയ് തറയിൽ, വിഎസ് ശിവകുമാർ, ശൂരനാട് രാജശേഖരൻ, ജോൺസൺ എബ്രഹാം എന്നിവർക്ക് പുറമെ ചെറിയാൻ ഫിലിപ്പും സമിതിയിലുണ്ട്.
വനിതകളുടെ പ്രാതിനിധ്യം ഒന്നിൽ നിന്ന് നാലായി. ഷാനിമോൾ ഉസ്മാനെ നിലനിർത്തിയപ്പോൾ പത്മജാ വേണുഗോപാലിനെയും ബിന്ദു കൃഷ്ണയെയും പി. കെ ജയല്കഷ്മിയെയും പുതുതായി ചേർത്തു. നേരത്തെ രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവെച്ച മുൻ കെപിസിസി പ്രസിഡണ്ട് വിഎം സുധീരനെ വീണ്ടും ഉൾപ്പെടുത്തി. പാർട്ടി യോഗങ്ങളിൽ സജീവമല്ലാത്ത മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും സമിതിയിലുണ്ട്. ഇതെല്ലാമാണ് വിമർശനത്തിന് കാരണമായത്.
Last Updated Jan 17, 2024, 11:34 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]