
ദില്ലി: കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് അതിക്രമ സംഭവത്തിൽ പ്രതികൾ പ്ലാൻ എ, പ്ലാൻ ബി എന്നിങ്ങനെ 2 പദ്ധതികൾ തയ്യാറാക്കിയിരുന്നതായി പൊലീസ്. സ്വയം തീകൊളുത്താനായിരുന്നു ഇവർ ആദ്യം പദ്ധതി തയ്യാറാക്കിയതെന്ന് ദില്ലി പൊലീസിന്റെ വെളിപ്പെടുത്തൽ. സഭയ്ക്ക് അകത്തും പുറത്തും ഇതിന് പദ്ധതിയിട്ടു. എന്നാൽ ദേഹത്ത് പുരട്ടാൻ ജെൽ കിട്ടാത്തതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീടാണ് രണ്ടാമത്തെ പദ്ധതിയായ പുക ആക്രമണം ഇവർ പാർലമെന്റിന് അകത്തും പുറത്തും നടപ്പിലാക്കിയത്. പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ലളിത് ഝാ ആണ് പൊലീസിന് ഇക്കാര്യം മൊഴി നൽകിയത്.
പാർലമെന്റ് അതിക്രമത്തിലൂടെ പ്രതികൾ ശ്രമിച്ചത് അരാജകത്വം സൃഷ്ടിക്കാനെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. കൂടുതൽ പേരെ ഉൾപ്പെടുത്തി പ്രതിഷേധം നടത്താൻ ശ്രമം നടന്നു. കേസിൽ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയിൽ വ്യക്തമായ പങ്കുള്ളതായി പൊലീസ് വ്യക്തമാക്കുന്നു. തെളിവെടുപ്പിനായി ലോക്സഭാ അധികൃതരെ സമീപിക്കാനാണ് ദില്ലി പൊലീസിന്റെ നീക്കം
കേസിൽ കസ്റ്റഡിയിലുള്ള മഹേഷ് നീലവുമായി നിരന്തരം ആശയ വിനിമയം നടത്തിയെന്നാണ് ദില്ലി പൊലീസ് പറയുന്നത്. മറ്റൊരു പ്രതി ലളിത് ഫോണുകൾ ഉപേക്ഷിച്ചത് ഹരിയാന രാജസ്ഥാൻ അതിർത്തിയിലാണെന്നാണ് സംശയം. ദില്ലിയിലെ ഒരു ഹോട്ടലിലും പ്രതികൾ താമസിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായിൽ സംഘം മൈസൂരിൽ ഒത്തുകൂടിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഷൂവിൽ അറയുണ്ടാക്കി ഒളിപ്പിച്ചാൽ കണ്ടെത്തില്ലെന്ന പദ്ധതി മനോരഞ്ജന്റേതായിരുന്നു. അമോൾ ഷിൻഡേ മുംബൈയിൽ നിന്ന് 1200 രൂപക്ക് സ്മോക്ക് ഗൺ വാങ്ങിയെന്നുമാണ് ദില്ലി പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
Last Updated Dec 16, 2023, 2:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]