
നവി മുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റില്‍ പടുകൂറ്റന്‍ ലീഡുമായി രണ്ടാം ദിനം അവസാനിപ്പിച്ച് ടീം ഇന്ത്യ. സ്റ്റംപ് എടുത്തപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 42 ഓവറില്‍ 186-6 എന്ന നിലയിലുള്ള ഇന്ത്യന്‍ വനിതകള്‍ക്ക് ഇതുവരെ 478 റണ്‍സിന്റെ ആകെ ലീഡായി. 64 പന്തില്‍ 44* റണ്‍സുമായി ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗറും 41 പന്തില്‍ 17* റണ്‍സുമായി പൂജ വസ്ത്രകറുമാണ് ക്രീസില്‍. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 292 റണ്‍സിന്റെ കൂറ്റന്‍ ലീഡ് സ്വന്തമാക്കിയതിന്റെ കരുത്തിലാണ് ഇന്ത്യ കുതിക്കുന്നത്.
292 റണ്‍സിന്റെ ശക്തമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇംഗ്ലണ്ടിനെ ഫോളോ-ഓണ്‍ ചെയ്യിക്കാതെ നവി മുംബൈയില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങുകയായിരുന്നു ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം. ചാർലി ഡീന്‍, സോഫീ എക്കിള്‍സ്റ്റണ്‍ എന്നിവരുടെ മുന്നില്‍ പതറിയ ഇന്ത്യക്ക് 133 റണ്‍സിനിടെ 6 വിക്കറ്റ് നഷ്ടമായി. ഇതിന് ശേഷം ക്രീസില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഹർമനും പൂജയും. ചാർലി നാലും സോഫീ രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷെഫാലി വർമ്മ (53 പന്തില്‍ 33), സ്മൃതി മന്ദാന (29 പന്തില്‍ 26), യാസ്തിക ഭാട്യ (14 പന്തില്‍ 9), ജെമീമ റോഡ്രിഗസ് (29 പന്തില്‍ 27), ദീപ്തി ശർമ്മ (18 പന്തില്‍ 20), സ്നേഹ് റാണ (ഗോള്‍ഡന്‍ ഡക്ക്) എന്നിവരാണ് പുറത്തായത്. നാളെ മൂന്നാംദിനം ആദ്യ സെഷനില്‍ വേഗം റണ്ണടിച്ച് ഇംഗ്ലണ്ടിനെ ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടരാന് ക്ഷണിക്കുകയാകും ഇന്ത്യന്‍ വനിതകള്‍ ചെയ്യുക.
ആദ്യ ഇന്നിംഗ്സില്‍ നാല് താരങ്ങളുടെ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യന്‍ വനിതകള്‍ 104.3 ഓവറില്‍ 428 റണ്‍സ് അടിച്ചുകൂട്ടിയത്. 410-7 എന്ന സ്കോറില്‍ രണ്ടാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 428 റണ്‍സിന് ഓള്‍ഔട്ടായി. ശുഭ സതീഷ് (76 പന്തില്‍ 69), ജെമീമ റോഡ്രിഗസ് (99 പന്തില്‍ 68), യാസ്തിക ഭാട്യ (88 പന്തില്‍ 66), ദീപ്തി ശർമ്മ (113 പന്തില്‍ 67) എന്നിവർ അമ്പതിലധികം സ്കോർ ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ അർധസെഞ്ചുറിക്കരികെ 49 റണ്‍സില്‍ മടങ്ങി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 35.3 ഓവറില്‍ 136 റണ്‍സില്‍ പുറത്തായി. 5.3 ഓവറില്‍ 7 റണ്‍സിന് അഞ്ച് വിക്കറ്റ് പിഴുത് സ്പിന്നർ ദീപ്തി ശർമ്മയാണ് ഇംഗ്ലണ്ടിനെ കറക്കിവീഴ്ത്തിയത്. ദീപ്തിയുടെ അഞ്ചിന് പുറമെ സ്നേഹ് റാണ രണ്ടും പൂജ വസ്ത്രകറും രേണുക സിംഗും ഓരോ വിക്കറ്റും പേരിലാക്കി. 59 റണ്‍സെടുത്ത നാറ്റ് സൈവർ ബ്രണ്ട് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.
Last Updated Dec 15, 2023, 6:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]