
ദില്ലി: കാത്തിരിക്കൂ… വലിയ മാറ്റം കാണാം… പറയുന്നത് മറ്റാരുമല്ല, എയർ ഇന്ത്യ എക്സ്പ്രസിന്റെ എം ഡി അലോക് സിങാണ് യാത്രക്കാർക്ക് വലിയ ഉറപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ വിമാനങ്ങളെത്തുന്നതോടെ വലിയ മാറ്റമെന്ന ഉറപ്പാണ് എയർ ഇന്ത്യ എക്സ്പ്രസ് എം ഡി നൽകുന്നത്. പ്രവാസികൾക്ക് വലിയ പ്രതീക്ഷ വയ്ക്കാം എന്ന് പറഞ്ഞ അദ്ദേഹം, ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ സർവ്വീസുകളടക്കം ഉണ്ടാകുമെന്നും വ്യക്തമാക്കി.
വിമാനങ്ങളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവ്വീസുകളും സേവനങ്ങളും വികസിപ്പിക്കാനുള്ള തീരുമാനത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ വിമാനങ്ങളെത്തുന്നതോടെ വിമാനം വൈകലുൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് എം ഡി അലോക് സിങ് പറഞ്ഞു. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണാണ് എയർ ഇന്ത്യ നൽകുന്ന ഉറപ്പ്. യാത്രാ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് എം ഡിയുടെ പ്രഖ്യാപനങ്ങൾ.
അൻപതോളം വിമാനങ്ങൾ മാർച്ച് മാസത്തോടെ എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലീറ്റിലെത്തും. ആകെ വിമാനങ്ങളുടെ എണ്ണം നൂറിലെത്തിച്ച്, റൂട്ടുകൾ പുതുക്കിയും മാറ്റങ്ങൾ വരുത്തിയുമുള്ള നിരന്തര പരിശ്രമങ്ങളിലാണ് എയർ ഇന്ത്യ എക്സ്പ്രസ്. മൊത്തം 70 വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ലയന നടപടികൾ പൂർണമായും 6 മാസത്തിനകം പൂർത്തിയാക്കും. 15 മാസത്തിനകം വലിയ മാറ്റങ്ങൾ കാണാനാകുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്ന ഉറപ്പ്. റൂട്ടുകൾ വികസിപ്പിച്ചും വൈവിധ്യം വരുത്തിയുമാകും മാറ്റമെന്നും അലോക് സിങ് വിവരിച്ചു.
ഗൾഫ് പ്രവാസികൾക്ക് വലിയ ആശ്വാസമായി ജി സി സി രാജ്യങ്ങളിലായിരിക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ മുൻഗണന. യു എ ഇയ്ക്ക് ആയിരിക്കും ആദ്യ സ്ഥാനമെന്ന് ദുബായിൽ വ്യാപാര പങ്കാളികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ അധികൃതർ വ്യക്തമാക്കി. സൗദിയിലേക്കും സർവ്വീസ് വർധിപ്പിക്കും. നിലവിലുണ്ടായ വിമാനം വൈകൽ, സർവ്വീസ് തടസ്സം ഉൾപ്പടെയുള്ള പ്രശ്നങ്ങൾ ഓരോന്നും സൂക്ഷമമായി പരിശോധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. റീഫണ്ട് ഉൾപ്പടെ പരിഹാര നടപടികൾ കാര്യക്ഷമമാക്കിയിട്ടുണ്ട്. നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകളിൽ യാത്രക്കാർക്ക് നേരിട്ട പ്രയാസങ്ങളിൽ നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയിൽ മാറ്റം വരുന്നത്.
Last Updated Nov 15, 2023, 10:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]