
തിരുവനന്തപുരം: സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനായി എയർടെൽ നടപ്പിലാക്കിയ എഐ സംവിധാനം വിജയം. പുതിയ എഐ ടൂള്‍ കേരളത്തിൽ 55 മില്ല്യൺ സ്പാം കോളുകളും ഒരു മില്ല്യൺ സ്പാം എസ്എംഎസുകളും കണ്ടെത്തിയതായി എയർടെല്‍ അറിയിച്ചു. സ്പാം തിരിച്ചറിയാനുള്ള എഐ സംവിധാനം അവതരിപ്പിച്ച് 19 ദിവസങ്ങൾക്കുള്ളിലാണ് ഇത്രയും ഫോൺകോളുകളും സന്ദേശങ്ങളും കണ്ടെത്തിയത്.
പ്രത്യേക സർവീസ് റിക്വസ്റ്റ്, പുതിയ ആപ്പ് ഡൗൺലോഡ് എന്നിവ ആവശ്യമില്ലാതെ തന്നെ കേരളത്തിലെ എല്ലാ എയർടെൽ ഉപഭോക്താക്കൾക്കും എഐ സ്പാം ഡിറ്റക്ഷന്‍ സേവനം സൗജന്യമായും സ്വമേധയായും ലഭിക്കുന്നുണ്ട്. സ്കാമുകൾ, തട്ടിപ്പുകൾ, മറ്റ് അനാവശ്യമായ കമ്മ്യൂണിക്കേഷനുകൾ തടയുന്നതിനായിട്ടാണ് എഐ സംവിധാനം രാജ്യത്താകമാനം എയർടെൽ നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി കേരളത്തിലും എഐ സംവിധാനം എയർടെല്‍ അവതരിപ്പിക്കുകയായിരുന്നു.
എയർടെല്ലിന്റെ ഡാറ്റാ ശാസ്ത്രജ്ഞർ തയ്യാറാക്കിയ സവിശേഷ അൽഗോരിതത്തിലൂടെ കോളുകളേയും എസ്എംഎസുകളേയും തിരിച്ചറിയുകയും സംശയാസ്പദമായ സ്പാമുകളെ വേർതിരിക്കുകയും ചെയ്യും. ഈ നൂതന അൽഗോരിതം ഫോൺ വിളിക്കുന്ന അല്ലെങ്കിൽ സന്ദേശമയക്കുന്ന രീതി, കോൾ/എസ്എംഎസ് ആവൃത്തി, ഫോൺ സംഭാഷണത്തിന്റെ ദൈർഘ്യം തുടങ്ങിയ ഘടകങ്ങളെ പരിശോധിച്ച് വിലയിരുത്തുകയും സംശയിക്കപ്പെടുന്ന സ്പാം കോളുകളോ എസ്എംഎസുകളോ ആണെന്ന് മുന്നറിയിപ്പ് ഉപഭോക്താക്കള്‍ക്ക് നൽകുകയും ചെയ്യും.
രണ്ട് തലങ്ങളിലുള്ള സുരക്ഷിതത്വം നല്കുന്ന ഫീച്ചറാണ് എയർടെല്‍ അവതരിപ്പിച്ചത്. നെറ്റ്വർക്ക് തലത്തിലും ഐടി തലത്തിലുമാണ് ഈ സുരക്ഷകള്‍. എയർടെല്‍ വഴിയുള്ള എല്ലാ കോളുകളും എസ്എംഎസുകളും ഇത്തരത്തില്‍ പരിശോധന സംവിധാനത്തിലൂടെ കടന്നുപോകും. രണ്ട് മില്ലി സെക്കന്‍ഡില്‍ 15 ബില്യണ്‍ മെസേജുകളും 2.5 ബില്യണ്‍ കോളുകളും കടന്നുപോകുന്നു. എഐയുടെ സഹായത്തോടെ ഒരേസമയം 1 ട്രില്യണ്‍ റെക്കോർഡുകള്‍ പ്രൊസസ് ചെയ്യുന്നതിന് സമാനമാണിത്. എസ്എംഎസ് വഴി പ്രചരിക്കുന്ന അപടകാരിയായ ലിങ്കുകളില്‍ നിന്ന് ജാഗ്രത പുലർത്തുവാന്‍ ബ്ലാക്ക്-ലിസ്റ്റ് ചെയ്ത യുആർഎല്ലുകളുടെ ഡാറ്റാ ബേസും എയർടെല്‍ തയ്യാറാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]