ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന ഒന്നാം സ്ഥാനത്തേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ നേടിയ അർദ്ധസെഞ്ച്വറിയാണ് സ്മൃതിക്ക് തുണയായത്.
ഇതോടെ, ഇംഗ്ലണ്ട് നായിക നതാലി സ്കിവർ-ബ്രണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ റാങ്കിംഗിലെ ആദ്യ പത്തിൽ ഇടംപിടിച്ച ഏക ഇന്ത്യൻ താരവും സ്മൃതി മന്ദാനയാണ്.
മറ്റ് ഇന്ത്യൻ ബാറ്റർമാരും റാങ്കിംഗിൽ മുന്നേറ്റം നടത്തി. പ്രതിക റാവൽ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 42-ാം റാങ്കിലെത്തിയപ്പോൾ, ഹർലീൻ ഡിയോൾ അഞ്ച് സ്ഥാനങ്ങൾ കയറി 43-ാം സ്ഥാനത്തെത്തി.
എന്നാൽ, ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന് ഒരു സ്ഥാനം നഷ്ടമായി, നിലവിൽ പന്ത്രണ്ടാമതാണ്. ജെമീമ റോഡ്രിഗസ് രണ്ട് സ്ഥാനങ്ങൾ താഴോട്ട് പോയി 15-ാം സ്ഥാനത്തായപ്പോൾ, ദീപ്തി ശർമ്മ 24-ാം സ്ഥാനത്ത് തുടരുന്നു.
വിക്കറ്റ് കീപ്പർ റിച്ച ഘോഷ് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 37-ാം റാങ്കിലെത്തിയിട്ടുണ്ട്. ഇന്ത്യക്കെതിരായ മത്സരത്തിൽ പുറത്താകാതെ 77 റൺസ് നേടിയ ഓസ്ട്രേലിയയുടെ ബെത് മൂണി മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തി.
ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലീസ് പെറി മൂന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം, മറ്റൊരു ഓസീസ് താരമായ അലീസ ഹീലിക്ക് ഒരു സ്ഥാനം നഷ്ടമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യൻ താരം സ്നേഹ് റാണ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13-ാം സ്ഥാനത്തെത്തി. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം ദീപ്തി ശർമ്മയാണ്.
മൂന്ന് സ്ഥാനങ്ങൾ നഷ്ടമായ ദീപ്തി നിലവിൽ ഏഴാം റാങ്കിലാണ്. ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റോൺ ആണ് ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഓൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഓസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നർ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ടീം റാങ്കിംഗിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

