
കണ്ണൂർ: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. പിന്നിൽ യുഡിഎഫ് തന്നെയാണെന്ന് ഇപി ജയരാജൻ പറഞ്ഞു. യുഡിഎഫിന്റെ കൈകൾ പരിശുദ്ധമാണോയെന്നും ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രൂക്ഷവിമർശനം നടത്തിയതിന് പിറകെയാണ് ഇപിയുടെ പ്രതികരണം.
വർഗീയ പ്രചരണത്തിന് എതിരായിട്ടായിരുന്നു കെകെ ലതിക സ്ക്രീൻ ഷോട്ട് ഷെയർ ചെയ്തത്. എല്ലാവരും ഇങ്ങനെ പോസ്റ്റ് ചെയ്യാറുണ്ട്. കെകെ ശൈലജ ലതികയെ തള്ളിപ്പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല. അത് അവരോട് തന്നെ ചോദിക്കണം. പൊലീസ് അന്വേഷണം സത്യസന്ധമെന്ന് പ്രതിപക്ഷം അംഗീകരിച്ചല്ലോ. പോലീസിന് കിട്ടിയ വിവരങ്ങളാണ് കോടതിയിൽ എത്തിച്ചത്. വസ്തുതകൾ കോടതിയിൽ വെളിപ്പെടും. കിട്ടിയ വിവരങ്ങൾ വെച്ചാണ് പ്രാഥമിക റിപ്പോർട്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രി കൂട്ടുകാരെ സംരക്ഷിക്കുകയാണ്. കേരളത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണെന്നും നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു. വിമർശിച്ചാൽ കേസെടുക്കും. വിദ്വേഷം പ്രചരിപ്പിച്ചാൽ കേസില്ല. ഡിഫിക്കാരനെ ചോദ്യം ചെയ്താൽ വിവരം കിട്ടും. പക്ഷേ ചെയ്യുന്നില്ല. ഹൈക്കോടതി ഇടപെട്ടത് കൊണ്ടാണ് സത്യം പുറത്ത് വന്നത്, ഇല്ലെങ്കിൽ കാസിമിന്റെ തലയിൽ ഇരുന്നേനെ. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യേണ്ട കേസ് ആണിതെന്നും അല്ലെങ്കിൽ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]