
ഓണ്‍ലൈനായി മദ്യവും ലഭ്യമാകുമോ?. അതും സ്വിഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള് വഴി. ഇക്കാര്യത്തില്‍ ഈ കമ്പനികള്‍ കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമേ ഡൽഹി, കർണാടക, ഹരിയാന, പഞ്ചാബ്, തമിഴ്നാട്, ഗോവ, എന്നീ സംസ്ഥാനങ്ങളുമായാണ് ചർച്ചകൾ നടത്തുന്നത്. ഓണ്‍ലൈനായി മദ്യ വിതരണം അനുവദിക്കുന്നതിന്റെ ഗുണദോഷങ്ങൾ വിലയിരുത്തിയായിരിക്കും സർക്കാരുകളുടെ തീരുമാനം. ഈ സംസ്ഥാനങ്ങളിൽ മദ്യത്തിന്റെ ഹോം ഡെലിവറി അനുവദിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കിവരികയാണ്. പ്രാരംഭ ഘട്ടത്തിൽ, ബിയർ, വൈൻ, തുടങ്ങിയ വീര്യം കുറഞ്ഞ ആൽക്കഹോൾ പാനീയങ്ങൾ ആയിരിക്കും വിതരണം ചെയ്യുകയെന്നാണ് സൂചന.
പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ കമ്പനികൾ ഇതിനകം തന്നെ മദ്യം ഹോം ഡെലിവറി ചെയ്യുന്നുണ്ട്. ഓൺലൈൻ വിൽപ്പന തുടങ്ങിയ ശേഷം ഈ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പന 20 മുതൽ 30 ശതമാനം വരെ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ച് പ്രീമിയം ബ്രാൻഡുകളുടെ വിൽപ്പനയാണ് ഉയർന്നത്. മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളില്‍ കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് ഓണ്‍ലൈനായി മദ്യ വിതരണത്തിനുള്ള താൽക്കാലിക അനുമതി നല്‍കിയിരുന്നു. ലോക്ക്ഡൗൺ അവസാനിച്ചതോടെ ഈ സംസ്ഥാനങ്ങളിൽ ഹോം ഡെലിവറി സൗകര്യവും നിർത്തി.
നിയമപ്രകാരം ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച ശേഷം മാത്രമായിരിക്കും മദ്യത്തിന്റെ ഓൺലൈൻ വിതരണം . പ്രായപൂർത്തിയാകാത്ത വ്യക്തികൾക്ക് മദ്യം ലഭിക്കുന്നത് തടയുന്നതിന് പ്രായ പരിശോധന ഉറപ്പാക്കും.
Last Updated Jul 16, 2024, 4:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]