
നമ്മൾ എത്ര സാധാരണക്കാരാണെങ്കിലും നമ്മുടെ മക്കളെ പഠിപ്പിക്കണമെന്നും നല്ല വിദ്യാഭ്യാസം കൊടുത്ത് നല്ലൊരു ജോലിക്ക് പ്രാപ്തരാക്കണമെന്നും ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. അതിനുവേണ്ടി രാവും പകലും പണിയെടുക്കുന്ന മാതാപിതാക്കളും ഒരുപാടുണ്ട്. മക്കളുടെ ഉന്നതവിജയങ്ങളും നേട്ടങ്ങളുമായിരിക്കും അവരുടെ ഏറ്റവും വലിയ സന്തോഷങ്ങൾ. അതുപോലെ ഒരു പച്ചക്കറി വിൽപ്പനക്കാരിയായ സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ കണ്ണ് നനയ്ക്കുന്നത്.
ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ് (സിഎ) ആകുന്നത് വളരെ കഠിനമായ കാര്യമാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ നടത്തുന്ന കഠിനമായ സിഎ പരീക്ഷയിൽ വിജയിക്കേണ്ടതും നിർബന്ധമാണ്. വർഷങ്ങളുടെ കഠിനാധ്വാനം തന്നെ അതിന് ചിലപ്പോൾ ആവശ്യമായി വരും. ഇപ്പോഴിതാ യോഗേഷ് എന്ന യുവാവ് തന്റെ പച്ചക്കറി വില്പനക്കാരിയായ അമ്മയെ കണ്ട് സിഎ പരീക്ഷയിൽ വിജയിച്ചതിനെ കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വഴിയോരത്ത് പച്ചക്കറി വിൽക്കുന്ന ജോലിയാണ് യോഗേഷിന്റെ അമ്മയ്ക്ക്. അവിടേക്ക് നടന്നുവന്ന് അമ്മയോട് തൻറെ വിജയത്തിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് യോഗേഷ്. ഇതുകേട്ടതും അമ്മ അവന്റെ അടുത്തേക്ക് വന്ന് അവനെ കെട്ടിപ്പിടിക്കുന്നതാണ് പിന്നെ കാണുന്നത്. ആരുടെയും കണ്ണ് നനയിക്കുന്ന ദൃശ്യങ്ങളാണ് എക്സിൽ (ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്.
മന്ത്രിയായ രവീന്ദ്ര ചൗഹാനാണ് വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. ‘ഡോംബിവ്ലി ഈസ്റ്റിലെ ഗാന്ധിനഗറിലെ ഗിർനാർ മിഠായി ഷോപ്പിന് സമീപം പച്ചക്കറി വിൽപന നടത്തുന്ന തോംബാരെ മവാഷിയുടെ മകനായ യോഗേഷ് ചാർട്ടേഡ് അക്കൗണ്ടൻ്റ് (സിഎ) ആയിരിക്കുന്നു. നിശ്ചയദാർഢ്യത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും കരുത്തിൽ കഠിനമായ സാഹചര്യങ്ങൾക്കിടയിലും യോഗേഷ് ഈ ഗംഭീര വിജയം കൈവരിച്ചിരിക്കയാണ്. അവന്റെ വിജയത്തിൽ അമ്മയൊഴുക്കുന്ന ഈ കണ്ണുനീർ കോടിക്കണക്കിന് വിലയുള്ളതാണ്. സിഎ പോലുള്ള കഠിനമായ പരീക്ഷ പാസായ യോഗേഷിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. യോഗേഷിൻ്റെ വിജയത്തിൽ ഡോംബിവ്ലിക്കാരൻ എന്ന നിലയിൽ സന്തോഷമുണ്ട്. അഭിനന്ദനങ്ങൾ യോഗേഷ്! ആശംസകൾ!’ എന്നാണ് വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ യോഗേഷിനെയും അവനുവേണ്ടി കഷ്ടപ്പെട്ട അമ്മയേയും അഭിനന്ദിച്ചുകൊണ്ട് പോസ്റ്റുകളും കമന്റുകളുമിട്ടത്.
Last Updated Jul 15, 2024, 2:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]