
തൃശൂർ: തൃശൂരും പാലക്കാടും തുടര്ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, തൃത്താല, തിരുമിറ്റക്കോട് മേഖലകളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ഇന്നലെ രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനമുണ്ടായത്. തൃശൂർ ചൊവ്വന്നൂരിൽ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാർഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതൽ വിവരങ്ങളോ ലഭ്യമായിട്ടില്ല. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂരിലെ കുന്ദംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായതെന്നും നാല് സെക്കൻഡ് നീണ്ടുനിന്ന ഭൂചലനമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തിൽ തീവ്രത 3 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണിതെന്നും അധികൃതർ അറിയിച്ചു.
Last Updated Jun 16, 2024, 8:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]