നെടുങ്കണ്ടം: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സെറിബ്രൽ പാൾസി ബാധിച്ച സേറ അൽഫോൻസാ നോജ് (15) പത്താംക്ലാസ് പരീക്ഷയിൽ വിജയം കൈവരിച്ചു. കല്ലാർ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ 255 വിദ്യാർഥികൾക്കൊപ്പം സേറയും മികച്ച വിജയം കരസ്ഥമാക്കിയത് വിദ്യാലയത്തിന് അഭിമാനമായി മാറി. പാമ്പാടുംപാറ മുണ്ടക്കൽ സ്വദേശിയായ സേറ ജന്മനാ വീൽചെയറിലാണ്.
തന്റെ മകൾ സാധാരണ കുട്ടികൾക്കൊപ്പം പഠിച്ച് വളരണമെന്ന മാതാപിതാക്കളായ നോജിന്റെയും പ്രിൻസിയുടെയും ആഗ്രഹം സ്കൂൾ അധികൃതരുടെ സഹകരണത്തോടെയാണ് യാഥാർഥ്യമായത്. ഒന്നാം ക്ലാസ് മുതൽ ഈ വിദ്യാലയത്തിലെ വിദ്യാർഥിനിയാണെങ്കിലും, ആദ്യകാലങ്ങളിൽ വീട്ടിലിരുന്നാണ് സേറ പഠനം പൂർത്തിയാക്കിയിരുന്നത്.
കോവിഡ് കാലത്തിന് ശേഷം സ്കൂൾ ‘മോഡൽ ഇൻക്ലൂസീവ് സ്കൂൾ’ ആയി മാറിയതോടെ സേറ ആറാം ക്ലാസ് മുതൽ നേരിട്ട് വിദ്യാലയത്തിലെത്തി പഠനം തുടർന്നു. സേറയുടെ സൗകര്യാർഥം മുകൾ നിലയിലെ ക്ലാസ് മുറി താഴത്തെ നിലയിലേക്ക് മാറ്റുകയും ബലൂണുകളും വർണക്കടലാസുകളും ഉപയോഗിച്ച് അലങ്കരിച്ച് ഊഷ്മളമായ വരവേൽപ്പാണ് അന്ന് സ്കൂൾ അധികൃതരും സഹപാഠികളും നൽകിയത്.
സ്പെഷൽ എജ്യുക്കേറ്ററായ ഷൈനി, ക്ലാസ് ടീച്ചർ റഷീദ ബീവി എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ അധ്യാപകരും വിദ്യാർഥികളും സേറയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. അന്നാ മരിയ (പ്ലസ് ടു), ലിയാന (എട്ടാം ക്ലാസ്) എന്നിവരാണ് സേറയുടെ സഹോദരങ്ങൾ.
സ്കൂൾ എസ്എംസി അംഗം കൂടിയാണ് സേറയുടെ മാതാവ് പ്രിൻസി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

