
പാക്ക് ഭീകരത തുറന്നു കാട്ടാൻ പ്രതിനിധി സംഘങ്ങൾ; ഒരെണ്ണം തരൂർ നയിക്കും; അംഗങ്ങളായി ജോൺ ബ്രിട്ടാസും കനിമൊഴിയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡല്‍ഹി∙ പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങൾ രാജ്യാന്തര തലത്തിൽ തുറന്നുകാട്ടാൻ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധിസംഘത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും. പുറമെ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കളെയും പ്രതിനിധി സംഘത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ-പാക്കിസ്ഥാൻ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്തെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ തരൂർ നയിച്ചേക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് നേതൃത്വം തന്നെ താക്കീത് ചെയ്തുവെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശശി തരൂര്‍ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.
അടുത്ത ആഴ്ചയാണ് 30 അംഗ പ്രതിനിധികൾ വിവിധ സംഘങ്ങളായി പുറപ്പെടുന്നത്. ശശി തരൂരിനെ കൂടാതെ കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി, സല്മാന് ഖുര്‍ഷിദ്, അമര്‍ സിങ് തുടങ്ങിയ എംപിമാരെയും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേതാക്കളായ അനുരാഗ് ഠാക്കൂർ, അപരാജിത സാരംഗി, കേരളത്തിൽനിന്നുള്ള രാജ്യസഭാംഗവും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസ്, ഡിഎംകെ എംപി കെ.കനിമൊഴി, തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യായ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ബിജെഡി നേതാവ് സസ്മിത് പത്ര, ശിവസേനാ (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, എഎപി നേതാവ് വിക്രംജിത് സാഹ്നി എന്നിവരെയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.