
കാസർകോട്: ഫോൺ വിളിക്കിടെ ശല്യം ചെയ്തതിന് അമ്മ മകന്റെ ദേഹം പൊള്ളിച്ചു. അമ്മയുടെ വീഡിയോ കോൾ ചോദ്യം ചെയ്ത പത്ത് വയസുകാരനെ ചായപ്പാത്രം ചൂടാക്കി വയറ്റിൽ പൊള്ളിച്ചതായാണ് പരാതി. കുട്ടിയുടെ പിതാവായ പള്ളിക്കര കീക്കാനം സ്വദേശിയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്തു. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായതായും പരാതിയുണ്ട്.
അമ്മക്കെതിരെ ബിഎൻഎസ് 118(1), ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയെ കാണാനില്ലെന്നും കുട്ടിയുടെ പിതാവ് പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ഏപ്രിൽ 28 നാണ് കേസിന് ആസ്പദമായ സംഭവം. യുവതി കൂടെ പഠിച്ച യുവാവുമായി പ്രണയത്തിലെന്നാണ് വിവരം. അയാളുമായി ഫോണിൽ യുവതി നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. സംഭവ ദിവസം ഫോൺ വിളിക്കിടെ മകൻ ശല്യം ചെയ്തതോടെ കുപിതയായ യുവതി, മകനെ ഉപദ്രവിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.
പിന്നീട് മെയ് മൂന്നാം തീയതി മുതലാണ് യുവതിയെ കാണാതായത്. നിരന്തരം ഫോണിൽ വീഡിയോ കോൾ ചെയ്ത ആളോടൊപ്പം യുവതി ഒളിച്ചോടിയെന്നാണ് ഭർത്താവിൻ്റെ പരാതി. പൊലീസ് ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്മയെ കാണാതായ ശേഷം അച്ഛൻ്റെ അമ്മയോടാണ് കുട്ടി പൊള്ളലേൽപ്പിച്ച കാര്യം പറഞ്ഞത്. അമ്മ ഭീഷണിപ്പെടുത്തിയ കാര്യവും കുട്ടി വെളിപ്പെടുത്തി. ഇതോടെ അച്ഛൻ വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ ചൈൽഡ് ലൈനും കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]