
ന്യൂയോർക്ക്: ബോയിങ് സ്റ്റാർ ലൈനർ ദൗത്യം ഇനിയും വൈകും. മെയ് 17ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നത് മെയ് 21 ലേക്ക് മാറ്റി. സ്റ്റാർ ലൈനറിന്റെ സർവീസ് മോഡ്യൂളിൽ ഹീലിയം വാതക ചോർച്ച കണ്ടതിനെ തുടർന്നാണ് തീരുമാനം. യാത്രികരായ ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും തയാറെടുപ്പുകൾ തുടരും.
റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിയിരുന്നു. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ച ശേഷമായിരുന്നു ഈ മാറ്റം. അതേസമയം, ബഹിരാകാശ നിലയത്തിൽ എത്തുമ്പോൾ, തന്നെ സംബന്ധിച്ച് അത് വീട്ടിലേക്ക് മടങ്ങുന്നതു പോലെയാണെന്നാണ് ദൗത്യത്തെ കുറിച്ച് സുനിത വില്യംസ് പ്രതികരിച്ചത്.
പുതിയ പേടകത്തിൽ പോകുന്നതിൽ ചെറിയ പരിഭ്രമമുണ്ടെങ്കിലും വലിയ ആശങ്കകളൊന്നും ഇല്ലെന്ന് സുനിത വ്യക്തമാക്കിയിരുന്നു. 2006ലും 2012ലുമായി രണ്ടു തവണ ബഹിരാകാശത്തേക്ക് പറന്ന സുനിത വില്യംസ്, 322 ദിവസം ഇതുവരെ ബഹിരാകാശത്ത് ചെലവഴിച്ചു. ഏഴ് തവണയായി 50 മണിക്കൂറിലേറെ ബഹിരാകാശത്ത് നടന്ന റെക്കോർഡും സുനിതയ്ക്ക് സ്വന്തം. 10 തവണ നടന്ന പെഗ്ഗി വിറ്റ്സണ് പിന്നീട് ആ റെക്കോർഡ് മറികടന്നു.
ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയാണ് സ്റ്റാർലൈനറിന്റേത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിങിന്റെ ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമാണീ ദൗത്യം.
Last Updated May 15, 2024, 4:49 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]