
കണ്ണൂർ: തളിപ്പറമ്പിലെ സർ സയ്യിദ് കോളേജ് മാനേജ്മെന്റ് വഖഫ് ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം ഏറ്റുപിടിച്ച് സിപിഎം. ലീഗ് നേതാക്കൾ നയിക്കുന്ന ഭരണസമിതി, പാണക്കാട് തങ്ങൾ ഖാസിയായ പളളിയുടെ സ്ഥലം വ്യാജരേഖയുണ്ടാക്കി കൈക്കലാക്കാൻ നീക്കം നടത്തിയെന്നാണ് എം.വി.ജയരാജന്റെ ആരോപണം. കോളേജിന്റെ സ്ഥലം വഖഫ് ഭൂമിയാണെന്നും ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടില്ലെന്നും വിശദീകരിക്കുന്ന മാനേജ്മെന്റ് സിപിഎം നുണ പറയുന്നുവെന്ന് കുറ്റപ്പെടുത്തുന്നു.
വഖഫ് വിഷയത്തിൽ മുസ്ലിം ലീഗിന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്താണ് കണ്ണൂരിൽ സിപിഎം വിമർശനം. കാനന്നൂർ ഡിസ്ട്രിക്സ്റ്റ് മുസ്ലിം എഡ്യുക്കേഷണൽ അസോസിയേഷന് കീഴിലാണ് കോളേജ്. 1967ൽ ജുമാ അത്ത് പളളി അസോസിയേഷന് പാട്ടവ്യവസ്ഥയിൽ കൈമാറിയതാണ് ഭൂമി. ഇതിന്റെ തണ്ടപ്പേർ ഉൾപ്പെടെ റവന്യൂ രേഖകളിൽ കൃത്രിമം കാണിച്ച് മാനേജ്മന്റ് ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. തണ്ടപ്പേർ പളളിയുടെ പേരിലേക്ക് മാറ്റുന്നതിനെതിരെ മാനേജ്മെന്റ് കോടതിയിൽ നൽകിയ ഹർജിയിൽ ഇത് വ്യക്തമെന്നാണ് വാദം. ലീഗ് നേതാക്കളാണ് ഭരണസമിതിയിലെന്നതിനാൽ സിപിഎം വിഷയം ആയുധമാക്കി.
എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെ അസംബന്ധം പറയുകയാണ് സിപിഎമ്മെന്ന് കോളേജ് മാനേജ്മെന്റ് തിരിച്ചടിക്കുന്നു. ഭൂമിയിൽ ഉടമസ്ഥാവകാശമില്ലെന്നും അത് വഖഫ് ഭൂമി തന്നെയാണെന്നും പറഞ്ഞ മാനേജ്മെൻ്റ് 57 വർഷമായി നികുതിയൊടുക്കുന്നതായും സിഡിഎംഇഎ സെക്രട്ടറി അള്ളാംകുളം മഹമൂദ് പറഞ്ഞു.
ലീഗിനെതിരെ രാഷ്ട്രീയ പ്രചാരണം നടത്താൻ തീരുമാനിച്ച സിപിഎം നാളെ തളിപ്പറമ്പിൽ പ്രതിഷേധ യോഗവും സംഘടിപ്പിക്കുന്നുണ്ട്. നേരത്തെ തളിപ്പറമ്പ് നഗരഹൃദയത്തിലെ ഏക്കറുകണക്കിന് ഭൂമിയിൽ വഖഫ് സംരക്ഷണ സമിതി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ സിപിഎം നിയന്ത്രണത്തിലുളള സ്ഥാപനങ്ങളുടെ ഭൂമിയും ഉൾപ്പെട്ടതോടെ നടപടിയിൽ നിന്ന് പിന്നോട്ടുപോയെന്ന് ആക്ഷേപമുണ്ട്. ആ വഖഫ് ഭൂമി ആദ്യം തിരികെ കൊടുക്കാൻ സിപിഎമ്മിനെ ലീഗ് നേതാക്കൾ വെല്ലുവിളിക്കുന്നുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]