
മക്ക: മക്കയിലെ ഗ്രാൻഡ് മോസ്കിൽ നിന്നുള്ള പ്രഭാഷണങ്ങളും മത പാഠങ്ങളും 11 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നു. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾക്ക് മതപഠനം കൂടുതൽ എളുപ്പത്തിലാക്കാനാണ് ഇത്തരമൊരു നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഇരു ഹറമുകളുടെയും പരിപാലന ചുമതലയുള്ള അധികൃതർ അറിയിച്ചു. മനാറത്ത് അൽ ഹറമൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് ബഹുഭാഷകളിലുള്ള പ്രഭാഷണങ്ങൾ ലഭ്യമാകുന്നത്.
ഈദ്, വെള്ളിയാഴ്ച പ്രാർത്ഥനകൾ എന്നിവ മനാറത്ത് അൽ ഹറമൈൻ വഴി ലഭ്യമാകും. കൂടാതെ, അറഫാത്ത്, ഗ്രഹണസമയത്ത് നടത്തുന്ന പ്രസംഗങ്ങൾ, മഴ പ്രാർത്ഥനകൾ എന്നിവയും ഇതിലൂടെ കേൾക്കാൻ സാധിക്കും. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, മലായ്, പേർഷ്യൻ, ഹൗസ, ചൈനീസ്, റഷ്യൻ, ബംഗാളി, തുർക്കിഷ്, ഇന്തോനേഷ്യൻ എന്നീ ഭാഷകളിലാണ് വിവർത്തനങ്ങൾ ചെയ്യുന്നത്. റമദാൻ, ഹജ്ജ്, മറ്റ് മതപരമായ അവസരങ്ങൾ എന്നിവയിൽ പള്ളിയിലെത്തിയും ഓൺലൈനായും പ്രവാസികളുൾപ്പെടുന്ന നിരവധി പേരാണ് പ്രഭാഷണങ്ങൾ കേൾക്കുന്നത്. അറബി വശമില്ലാത്തതിനാൽ പ്രഭാഷണങ്ങൾ മനസിലാക്കാൻ പ്രയാസമായിരുന്നു. പുതിയ തീരുമാനത്തോടെ അത്തരക്കാർക്ക് മത പ്രഭാഷണങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും.
പ്രഭാഷണങ്ങളെ കൂടാതെ മത പണ്ഡിതന്മാരുടെ സെമിനാറുകൾ, റമദാൻ ഹജ്ജ് പ്രത്യേക പരിപാടികൾ, കോൺഫറൻസുകൾ എന്നിവയും വിവർത്തനം ചെയ്യപ്പെടുന്നതിൽ ഉൾപ്പെടുന്നുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ, ഭാഷാ പരിമിതികളില്ലാതെ മത പ്രഭാഷണങ്ങൾ ഇതോടെ മനസ്സിലാക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]