
ആലപ്പുഴ: യാത്രക്കാരോട് മാന്യമായ രീതിയില്‍ പെരുമാറണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ആലപ്പുഴ ജില്ലയിലെ ഓട്ടോറിക്ഷക്കാര്‍ക്കെതിരെ നിരവധി പരാതികളാണ് ദിവസവും വകുപ്പിന് ലഭിക്കുന്നത്. നിയമത്തെ കുറിച്ചുള്ള അജ്ഞത കൊണ്ടാണ് പലരും ഇത്തരത്തില്‍ പെരുമാറുന്നത്. എന്നാല്‍ ഇനി അത്തരക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് കളക്ടറേറ്റിലെ ദേശീയ സമ്പാദ്യ ഭവനില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലാണ് ഓട്ടോ തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയത്.
ബോധവത്കരണത്തിന്റെ ഭാഗമായി ഒരു മാസം യാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ നിരന്തര പരിശോധനകളും ബോധവത്കരണവും നല്‍കും. ഇക്കാലയളവില്‍ പിഴയോ ശിക്ഷ നടപടികളോ സ്വീകരിക്കില്ല. വാഹന ഗതാഗത നിയമങ്ങളെ കുറിച്ചും യാത്രക്കാരോട് മാന്യമായി പെരുമാറുന്നതിനെക്കുറിച്ചും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്കി. പരാതികള്‍ വന്നതിനെ തുടര്‍ന്നാണ് ഓട്ടോ തൊഴിലാളികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. തുടര്‍ന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. വാഹന പരിശോധനാ സമയത്ത് വേണ്ട രേഖകള്‍ എന്തൊക്കെയെന്നും അവ ഏത് വിധത്തില്‍ സൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി.
ആര്.ടി.ഒ. എ.കെ. ദിലു പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ താലൂക്കിലെ വിവിധ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളിലെ 80ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ വരുണ്‍ ക്ലാസ് നയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സജീവ് കെ.വര്‍മ്മ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ശരത് കുമാര്‍, സി.ജി. ചന്തു തുടങ്ങിയവര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]