
160 വര്‍ഷത്തെ ഗവേഷകരുടെ വിശ്വാസത്തിന് ഇളക്കം തട്ടിയിരിക്കുന്നു. ചതുപ്പ് മുളവാലന്‍ (Phylloneura westermanni) തുമ്പിയുടെ ജനുസ്സിൽ വേറെ തുമ്പികളില്ലെന്ന ആ വിശ്വാസം തകരുകയും ചതുപ്പ് മുളവാലന്റെ ബന്ധുവിനെ കണ്ടെത്തിയിരിക്കുകയുമാണ് കേരളത്തിലെ തുമ്പി ഗവേഷകര്‍. അവന്റെ പേരാണ് ‘പാറമുത്തൻ മുളവാലൻ’ ! (Phylloneura rupestris). എ. വിവേക് ചന്ദ്രൻ, ഡോ. സുബിൻ കെ. ജോസ് (ഇരുവരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതിശാസ്ത്ര ഗവേഷകർ), റെജി ചന്ദ്രൻ (സൊസൈറ്റി ഫോർ ഓഡോണേറ്റ് സ്റ്റഡീസ്), സുരാജ് പാലോട് (ഷോല നേച്ചർ സൊസൈറ്റി), ഡോ. പങ്കജ് കൊപാർഡെ (എം. ഐ. ടി. വേൾഡ് പീസ് യൂണിവേഴ്സിറ്റി, പൂനെ) എന്നിവർ ചേർന്നാണ് പുതിയ തുമ്പി ഇനത്തെ കണ്ടെത്തിയത്.
(ചിത്രങ്ങള്‍: വിവേക് ചന്ദ്രന് )
പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള ജൈവവൈവിധ്യ സമ്പുഷ്ടമായ പൊന്മുടിയിൽ നിന്നാണ് പാറമുത്തൻ മുളവാലന്‍ എന്ന പുതിയൊരു തുമ്പിയിനത്തെ കണ്ടെത്തിയത്. മഴക്കാലത്ത് പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന ചെറു അരുവികളില്‍ മുട്ടയിടുന്നതിനാലാണ് പാറമുത്തൻ മുളവാലൻ എന്ന് പേര് വരാന്‍ കാരണം. ഇതേ അർത്ഥം വരുന്ന ഫൈലോന്യൂറ റൂപെസ്റ്റ്റിസ് എന്നാണ് ശാസ്ത്രനാമവും. ഈ തുമ്പിയെ കണ്ടെത്തുന്നതുവരെ ‘ചതുപ്പ് മുളവാലൻ’ എന്നയിനം തുമ്പി മാത്രമേ ഈ ജനുസ്സിൽ ഉള്ളതായി ശാസ്ത്രലോകത്തിന് അറിവുണ്ടായിരുന്നൊള്ളൂ. അഗസ്ത്യമല വനമേഖലയിലെ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന അരുവികളിൽ പലയിടങ്ങളിലും പാറമുത്തൻ മുളവാലൻ ഉണ്ടാകാൻ സാധ്യതയുള്ളതായാണ് ഗവേഷകരുടെ നിഗമനം. അതേസമയം അഗസ്ത്യമലയിലല്ലാതെ മറ്റെവിടെയും പാറമുത്തൻ മുളവാലനെ കാണാനുള്ള സാധ്യതയുമില്ലെന്നും ഗവേഷകര്‍ കരുതുന്നു.
(ചിത്രങ്ങള്‍: വിവേക് ചന്ദ്രന് )
പാറമുത്തൻ മുളവാലന്റെ പ്രജനനരീതിയാണ് ഏറെ കൗതുകകരം. അരുവികളിൽ ആഴം കുറഞ്ഞിടത്ത് വളരുന്ന പായലിലാണ് ഈ തുമ്പികള്‍ മുട്ടയിടുന്നത്. കാഴ്ചയില്‍ പാറയില്‍ മുത്തമിടുന്നത് പോലെ തോന്നും. വഴുക്കലുള്ള കുത്തനെയുള്ള പാറകളിലെ അരുവികളില്‍ നിന്നും തുമ്പിയെ കണ്ടെത്തുക ഏറെ സാഹസികമായിരുന്നെന്നും ഗവേഷണ സംഘത്തിലെ അംഗമായ വിവേക് ചന്ദ്രന് പറയുന്നു. ആദ്യകാഴ്ചയിൽ തന്നെ ഇത് പുതിയൊരിനം തുമ്പിയാണെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു. മറ്റൊരു മുളവാലൻ തുമ്പിക്കുമില്ലാത്ത പോലെ നീണ്ട മനോഹരമായ ഒരു ‘നീല കുറി’ പാറമുത്തൻ മുളവാലന്റെ വാലിലുണ്ട്. അതോടൊപ്പം നീണ്ട 93 വർഷങ്ങൾക്ക് ശേഷമാണ് പശ്ചിമഘട്ടത്തിൽ നിന്നും ഒരു മുളവാലൻ തുമ്പിയെ ഗവേഷകര്‍ കണ്ടെത്തുന്നത്. പഠനത്തിന്റെ ഫലങ്ങൾ എന്ന അന്താരാഷ്ട്ര ജേർണലിൽ പ്രസിദ്ധീകരിച്ചു. പൊന്മുടിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രത്തിന് ലഭിക്കുന്ന മൂന്നാമത്തെ തുമ്പിയിനമാണ് പാറമുത്തന്‍ മുളവാലനെന്നും ഇവിടുത്തെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്ന ടൂറിസ്റ്റുകൾക്ക് ഈ മേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കി കൊടുക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
Last Updated Feb 15, 2024, 3:08 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]