
9:45 AM IST:
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രഇന്ന് നാഗാലാൻഡിൽ. വിശ്വേമയിൽ നിന്നാണ് നാഗാലാന്റിലെ യാത്ര തുടങ്ങുക. രാവിലെ കൊഹിമയിലെസയുദ്ധ സ്മാരകത്തിൽ രാഹുൽ ആദരമർപ്പിക്കും. ഫുൽബാരിയിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും.ഉച്ചയ്ക്ക് മാധ്യമങ്ങളെയും രാഹുൽ ഗാന്ധി കണ്ടേക്കും. ഇന്നും നാളെയും നാഗാലാൻഡിൽ പര്യടനം നടത്തുന്ന യാത്ര മറ്റന്നാൾ അസമിലേക്ക് കടക്കും.
9:42 AM IST:
ആളൂർ മാള റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തുള്ള വളവിൽ സിമന്റ് ട്രക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കൊടകര മറ്റത്തൂർകുന്ന് ചിറയാരക്കൽ രാജേഷ് (48 ) ആണ് മരിച്ചത്. ലോറിയുടെ അടിയിൽ പെട്ട രാജേഷ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇരിഞ്ഞാലക്കുട ഫയർ ഫോഴ്സും ആളൂർ പൊലീസും നാടുകാരും ചേർന്ന് ക്രെയ്ൻ ഉപയോഗിച്ചാണ് മൃതദേഹം പുറത്തു എടുത്തത്. മൃതുദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
9:42 AM IST:
വാടാനപ്പള്ളിയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചിലങ്കാ ബീച്ചിൽ താമസിക്കുന്ന നമ്പിപ്പരീച്ചി ജ്യോതി പ്രകാശ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ വാടാനപ്പള്ളി സെന്ററിന് തെക്ക് മാറിയായിരുന്നു അപകടം. പാചക വാതക സിലിണ്ടർ കയറ്റി പോയിരുന്ന ലോറിയാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജ്യോതിപ്രകാശിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
9:42 AM IST:
അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന വിനോദ സഞ്ചാരികൾക്കെതിരേ കേസെടുത്തു. അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസറാണ് അങ്കമാലി സ്വദേശികളായ 5 പേർക്കെതിരേ കേരള ഫോറസ്റ്റ് ആക്ട് പ്രകാരം കേസ് എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ വാഹനവുമായി 10 കിലോമീറ്ററിലേറെ വനത്തിനുള്ളിലേക്ക് യാത്ര ചെയ്തത്. ഇവർ വനത്തിൽ കടക്കാനുപയോഗിച്ച വാഹനവും പിടിച്ചെടുക്കും.
9:41 AM IST:
ലൂർദ്ദ് പള്ളിയിൽ സ്വർണ്ണകിരീടം സമർപ്പിച്ച സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ടി.എൻ. പ്രതാപൻ എംപി. മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ലെന്നും മണിപ്പൂരിനെ ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ലെന്നും ടി.എൻ. പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. “മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല. മാതാവിന്റെ രൂപം തകർത്ത മണിപ്പൂരിലെ ഓർമ്മ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല. മണിപ്പൂർ പാർലമെന്റിലവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത്.
9:41 AM IST:
ധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണം. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
9:41 AM IST:
സംസ്ഥാനത്തെ കൈറ്റ് മാസ്റ്റർ ട്രെയിനർമാർക്ക് പകരമുള്ള ഇരുന്നൂറിലധികം അധ്യാപകർക്ക് അഞ്ച് മാസമായി ശമ്പളം കിട്ടുന്നില്ല. നവകേരള സദസിലടക്കം പരാതി നൽകിയിട്ടും പരിഹാരമായില്ല. ധനവകുപ്പിൻ്റെ പരിഗണനയിലാണ് ഫയലെന്നായിരുന്നു പരാതിക്ക് ലഭിച്ച മറുപടി. ശമ്പളം മുടങ്ങിയതോടെ മറ്റ് ജോലികൾ തേടുകയാണ് പലരും. അഞ്ചുമാസം പണിയെടുത്തതിന്റെ ശമ്പളം ചോദിക്കുന്നത് താൽക്കാലിക അധ്യാപകരാണ്.
7:03 AM IST:
മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം അപകടത്തിൽപെട്ട കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് ദാരുണാന്ത്യം.കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്. രാത്രി 11:00 മണിയോടുകൂടിയാണ് അപകടമുണ്ടായത്.
7:02 AM IST:
രണ്ടുദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് ആറരയ്ക്ക് നെടുന്പാശേരിയിൽ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറർ മാർഗം കൊച്ചിയിൽ ദക്ഷിണ നാവികാസ്ഥാനത്ത് എത്തും. തുടർന്ന് കെപി സിസി ജംങ്ഷനിലെത്തി റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി 7നും എട്ടിനും ഇടയ്ക്കാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. കെപി സിസി ജംഷ്ഷനിൽ നിന്ന് തുടങ്ങി ഹോസ്പിറ്റൽ ജംങ്ഷനിലെത്തി ഗസ്റ്റ് ഹൗസിൽ എത്തും വിധമാണ് ഒരു കിലോമീറ്റർ റോഡ് ഷോ. എറണാകുളം ഗസ്റ്റ് ഹൗസിൽ രാത്രി തങ്ങുന്ന പ്രധാനമന്ത്രി ചൊവ്വാഴ്ച രാവിലെ ഗുരൂവായൂർക്ക് പോകും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തശേഷം തൃപ്രയാർ ക്ഷേത്രം സന്ദർശിച്ച് പന്ത്രണ്ട് മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി മറ്റു രണ്ട് പരിപാടികളിൽ കൂടി പങ്കെടുക്കും