കണ്ണൂർ: തുടക്കം മുതൽ ക്രൈംബ്രാഞ്ചും പോലീസും അവഗണിച്ച പാലത്തായി കേസിലാണ് ഇന്ന് നാട് ചർച്ചചെയ്യുന്ന തരത്തിലുള്ള വിധി ഉണ്ടായത്. ആദ്യം മുതൽ ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസും, ബാലനീതി നിയമപ്രകാരമുള്ള ലഘുവായ കേസെന്ന് ക്രൈംബ്രാഞ്ചും എഴുതിത്തള്ളാൻ ശ്രമിച്ച കേസിലാണ് ഇപ്പോൾ 20 വർഷത്തിലേറെ നീളുന്ന ശിക്ഷ തലശ്ശേരി പോക്സോ കോടതി വിധിച്ചത്.
2020 മാർച്ച് 17-ന് പോലീസ് മുമ്പാകെ വന്ന പരാതി തുടക്കം മുതൽ അവഗണനയാണ് നേരിട്ടത്. ചൈൽഡ് ലൈനിന്റെ കൗൺസിലിംഗിലാണ് കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായത്.
പരാതിയിൽ കുട്ടി പറഞ്ഞ തീയതിയിൽ അധ്യാപകൻ സ്കൂളിൽ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് പാനൂർ എസ്എച്ച്ഒ തന്നെ ഒഴിവുകഴിവ് കണ്ടെത്തി. പിന്നീട് newskerala.net ഈ കേസിന്റെ ഗൗരവം പുറത്തുകൊണ്ടുവന്നതിന് ശേഷം പൊതുവികാരം ഉണരുകയും പ്രതിയെ പിടികൂടണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു.
ഒരു മാസത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന വാദം ഉയർത്തി.
അന്വേഷണ ചുമതല ഉണ്ടായിരുന്ന ഐജി തന്നെ ഇക്കാര്യം പരസ്യമായി വിളിച്ചുപറഞ്ഞത് വലിയ നടുക്കമുണ്ടാക്കി. കുട്ടിയുടെ മൊഴിയെ ദുർബലപ്പെടുത്താനായി മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കം എത്തിച്ച് പലതവണ കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് തന്നെ ശ്രമിച്ചു.
ഐജിയുടെ അതേ നിലപാട് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലും ആവർത്തിച്ചു. പോക്സോ വകുപ്പുകൾ ഒഴിവാക്കി, ബാലനീതി നിയമത്തിലെ 75, 82 വകുപ്പുകൾ മാത്രം ഉൾപ്പെടുത്തി ദുർബലമായ കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
ഇതിനെ ചോദ്യം ചെയ്ത് രക്ഷിതാവ് ഹൈക്കോടതിയെ സമീപിച്ചപ്പോൾ പെൺകുട്ടിയുടെ മൊഴിയിൽ സ്ഥിരതയില്ലെന്ന ബാലിശമായ വാദമാണ് ക്രൈംബ്രാഞ്ച് നിരത്തിയത്. കോടതി നിർദ്ദേശപ്രകാരം, അന്നത്തെ നാർക്കോട്ടിക് എഎസ്പി രേഷ്മ രമേശ്, ഡിവൈഎസ്പി രത്നകുമാർ എന്നിവരുൾപ്പെട്ട
അന്വേഷണസംഘം കേസ് കൂടുതൽ ഗൗരവമായി അന്വേഷിച്ചു. കൃത്യം നടന്നതായി ആരോപിക്കപ്പെടുന്ന ദിവസം അധ്യാപകൻ സ്കൂളിൽ ഇല്ലായിരുന്നു എന്ന വാദം പോലീസ് പൊളിച്ചു.
12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരായ അതിക്രമത്തിനുള്ള കർശന ഉപവകുപ്പുകൾ കൂടി ചേർത്തു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റിരുന്നു എന്നതുൾപ്പെടെയുള്ള സുപ്രധാനമായ വിവരങ്ങൾ കുറ്റപത്രത്തിൽ ചേർത്തു.
പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായുള്ള പരിശോധനാ റിപ്പോർട്ടുകളും ഹാജരാക്കി. അങ്ങനെ കേസ് ബലപ്പെടുത്തി പോക്സോ വകുപ്പുകൾ തിരികെച്ചേർത്ത് പുതിയ കുറ്റപത്രം സമർപ്പിച്ചു.
ഈ കുറ്റപത്രമാണ് ഇന്നത്തെ വിധിയിലേക്ക് നയിച്ചത്. തുടക്കം മുതൽ പ്രതി നിഷ്കളങ്കനാണെന്ന വാദത്തിൽ ഒരു വിഭാഗം രാഷ്ട്രീയക്കാർ അടക്കം ആശയക്കുഴപ്പത്തിലായിരുന്നു.
ആദ്യഘട്ടത്തിൽ പോലീസ് പറഞ്ഞത് ഭരണകർത്താക്കളും വിശ്വസിച്ചു. കോടതിയുടെ ഇടപെടലും, രക്ഷിതാവിന്റെയും ആക്ഷൻ കമ്മിറ്റിയുടെയും നീതിക്കുവേണ്ടിയുള്ള നിരന്തരമായ പോരാട്ടവും ഇല്ലായിരുന്നുവെങ്കിൽ ഈ കേസിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.
ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും (ഓരോ കുറ്റത്തിനും 20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്.
തലശ്ശേരി അതിവേഗ പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
പരമാവധി 20 വർഷം വരെയോ ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെടെയുള്ള വിഷയങ്ങൾ വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2020 ജനുവരിക്കും ഫെബ്രുവരിക്കും ഇടയിൽ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വെച്ച് മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
അധ്യാപകനെതിരായ പരാതി തലശ്ശേരി ഡിവൈഎസ്പി പാനൂർ പോലീസിനാണ് കൈമാറിയത്. തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ പരാതി വ്യാജമാണെന്നായിരുന്നു ആദ്യ കണ്ടെത്തൽ.
എന്നാൽ, പ്രതിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമായി. 2020 ഏപ്രിൽ 15-ന് ബന്ധുവീട്ടിൽ ഒളിവിൽ കഴിഞ്ഞ പത്മരാജനെ അറസ്റ്റ് ചെയ്തു.
ഇതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പോക്സോ വകുപ്പ് ചുമത്താതെ, 90 ദിവസം തികയുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി.
അഞ്ച് അന്വേഷണസംഘങ്ങൾ മാറിമാറി അന്വേഷിച്ച കേസിൽ 2021 മേയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. 2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണയ്ക്ക് ഒടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും ശിശുദിനത്തിൽ അതിജീവിതയ്ക്ക് നീതി ലഭിച്ചെന്നുമാണ് ഇന്നലെ പ്രോസിക്യൂഷൻ പ്രതികരിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം കോടതിയോട് അഭ്യർത്ഥിച്ചു. പ്രതിയുടെ ഭാര്യയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നാൽ അതിന്റെ ഉത്തരവാദികൾ മതതീവ്രവാദികൾ ആയിരിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രതിഭാഗം വാദിച്ചു. ഭാര്യയും മക്കളും അമ്മയും അടങ്ങുന്ന കുടുംബമാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടു.
കേസിന്റെ മെറിറ്റാണ് പരിശോധിച്ചതെന്ന് കോടതി മറുപടി നൽകി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

