ന്യൂഡൽഹിയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി. ഒരു വ്യക്തിയെ സംരക്ഷിക്കാനായി കേന്ദ്രം സകല മാർഗങ്ങളും പ്രയോഗിക്കുകയാണെന്ന് അഭിജീത് ദിപ്കെ ആരോപിച്ചു.
മുൻ മുഖ്യമന്ത്രിയായ പിണറായി വിജയൻ, മമത ബാനർജി അടക്കമുള്ള നേതാക്കളെ വരെ അറസ്റ്റ് ചെയ്യുന്നു. ആദ്യമായാണ് ഒരു സമരം തടസപ്പെടുത്താൻ രാജ്യത്ത് റെയിൽവേയും മെട്രോയും അടച്ചിടുന്നത്.
ഒക്ടോബർ 10ന് അത് സംഭവിച്ചു. ജമ്മുകശ്മീരിൽനിന്നും നക്സൽബാധിത പ്രദേശങ്ങളിൽനിന്നും സേനയെ കൊണ്ടുവന്ന് ഡൽഹിയിൽ വിന്യസിച്ചു.
ഇതെല്ലാം ഒരു ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ്. ഇതൊക്കെ ചെയ്യാൻ മാത്രം നരേന്ദ്ര മോദിക്ക് എന്താണ് ഗ്യാനേഷ് കുമാർ നൽകിയത്? ഗ്യാനേഷ് കുമാറിനായി മുഴുവൻ ഡൽഹിയും അടച്ചിടാൻ മോദി തയ്യാറാണ്.
രാഷ്ട്രപതിക്ക് ലഭിക്കുന്നതിലേറെ സംരക്ഷണമാണ് ഗ്യാനേഷ് കുമാറിന് ലഭിക്കുന്നത്. പ്രധാനമന്ത്രിക്ക് പ്രതിഷേധങ്ങളെ ഭയമാണെന്നും ദിപ്കെ കൂട്ടിച്ചേർത്തു.
2014ൽ കോൺഗ്രസ് സഖ്യവും എൻഡിഎയും തമ്മിലുള്ള വോട്ടുവിഹിതത്തിൽ വ്യത്യാസം വെറും രണ്ടു ശതമാനത്തോളം മാത്രമായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 13 കോടി വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കി.
2014ലെ വോട്ടർ പട്ടിക പരിശോധിക്കുകയാണെങ്കിൽ ഈ 13 കോടി അന്നത്തെ വോട്ടർമാരുടെ എണ്ണത്തിന്റെ 14 ശതമാനം വരും. വെറും 2 ശതമാനത്തിന്റെ വോട്ട് വിജയപരാജയം നിശ്ചയിച്ചിടത്താണ് 13 കോടിപ്പേരെ വോട്ടർ പട്ടികയിൽനിന്ന് നീക്കുന്നത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നുള്ളത് ഇവരുടെ വെറും മുദ്രാവാക്യം മാത്രമാണ്. യഥാർഥത്തിൽ ഇവരുടെ ലക്ഷ്യം ‘ഒരു രാജ്യം ഒരു പാർട്ടി’ എന്നതാണെന്നും അഭിജീത് ദിപ്കെ വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ്ഐആറിനെതിരെയും രാജ്യത്ത് നടക്കുന്ന പ്രതിഷേധം ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെയോ കൊടിയുടെയോ കീഴിൽ നടക്കുന്നതല്ലെന്ന് ഐസ നേതാവ് നേഹ ബോറ വ്യക്തമാക്കി. പ്രതിഷേധം രാജ്യത്തെ ജനതയുടേതാകെയാണ്.
സമരക്കാർക്കുനേരെ പൊലീസ് നടത്തുന്ന അതിക്രമം വ്യക്തികൾക്കു നേരെ മാത്രം നടക്കുന്ന ആക്രമണമല്ല. അഞ്ചു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത് സൗരവ് ദാസിനെയും അശുതോഷ് റാംകയെയും മാത്രമല്ല, വോട്ടവകാശം പണയപ്പെടുത്താതിരിക്കാൻ പോരാടിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ജനതയെ മുഴുവനാണ്.
കസ്റ്റഡിയിലെടുക്കുന്ന യുവതികൾക്കുനേരെ ഡൽഹി പൊലീസ് ലൈംഗികാതിക്രമം നടത്തുകയാണെന്നും സിജെപി, ഐസ, എസ്എഫ്ഐ, എഐഎസ്എഫ് എന്നീ സംഘടനകൾ നടത്തുന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ നേഹ ബോറ അറിയിച്ചു. സമരക്കാരെ ജുഡീഷ്യൽ കസ്റ്റഡിയിൽ എടുത്താലും ആയിരങ്ങളെ അറസ്റ്റ് ചെയ്താലും ലൈംഗികാതിക്രമം നടത്തിയാലും ഈ സമരം അവസാനിക്കാൻ പോകുന്നില്ല.
രാജ്യത്തിന്റെ വിവിധ കോണുകളിൽ സമരം തുടരുകയാണെന്നും നേഹ ബോറ കൂട്ടിച്ചേർത്തു. നേഹ സംസാരിച്ചുകൊണ്ടിരിക്കേ വാർത്താ സമ്മേളനത്തിനിടെ സദസ്സിൽനിന്ന് ചോദ്യങ്ങൾ ഉയർന്നതിനെ തുടർന്ന് ബഹളങ്ങളുണ്ടായി.
തുടർന്ന് ഇവർക്കെതിരെയും മുദ്രാവാക്യമുയർന്നു. നേഹ ബോറയ്ക്കും അഭിജീത് ദിപ്കെയ്ക്കുമൊപ്പം ഐഷി ഘോഷ്, പ്രശാന്ത് ഭൂഷൺ, നടൻ പ്രകാശ് രാജ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

