കൊച്ചി∙
അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയ്ല ഒഡിങ്ക (80)യുടെ ആരോഗ്യസ്ഥിതി സ്വന്തം രാജ്യത്തും ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ഒഡിങ്കയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും പ്രതിപക്ഷ പ്രചരണം കെനിയയിൽ ശക്തമായിരുന്ന സമയത്താണ് അദ്ദേഹം ചികിത്സയ്ക്കായി ഇന്ത്യയിലേക്കു പോരുന്നത്.
ഒഡിങ്കയും കുടുംബവും 2019 മുതൽ കൂത്താട്ടുകുളത്ത് ആയുർവേദ ചികിത്സയ്ക്കു വിധേയരാകുന്നുണ്ട്.
ചെറിയ തോതിലുള്ള പക്ഷാഘാതം അനുഭവപ്പെട്ടതോടെയാണ് ഈ മാസം നാലിന് ഒഡിങ്കയെ കെനിയയിൽനിന്ന് മുംബൈയിൽ എത്തിക്കുന്നത്. ഇക്കാര്യം പക്ഷേ, പുറത്തുവിട്ടിരുന്നില്ല.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് അസുഖം ഭേദമായാണു കൂടുതൽ സുഖചികിത്സകൾക്കും മറ്റുമായി അദ്ദേഹം ആറു ദിവസം മുമ്പ് കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുർവേദ നേത്രചികിത്സ ആശുപത്രിയിൽ എത്തുന്നത്. നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ വീൽച്ചെയറിലായിരുന്നു അദ്ദേഹം കൂത്താട്ടുകുളത്ത് എത്തിയത്.
തുടർന്ന് ഇവിടെ നടന്ന ചികിത്സയോടെയാണ് എഴുന്നേറ്റു നിൽക്കാനും ചെറിയ തോതിൽ നടക്കാനുമൊക്കെ തുടങ്ങിയത്. ഡോക്ടർക്കൊപ്പം അത്തരമൊരു പ്രഭാത നടത്തത്തിനിടയിൽ ശക്തമായ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നടത്തി കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിൽ രാവിലെ ഒമ്പതു മണിയോടെ പ്രവേശിപ്പിച്ചു. 9.52നാണ് മരണം സ്ഥിരീകരിച്ചത്.
ഒഡിങ്കയുടെ മൃതദേഹം തിരികെ കെനിയയിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണ്.
ഒഡിങ്കയുടെ സഹോദരിയും ഇളയ മകളും ഡോക്ടറും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് അദ്ദേഹത്തിനൊപ്പം കൂത്താട്ടുകുളത്ത് ഉള്ളത്. മുമ്പും ഒട്ടേറെ തവണ ഒഡിങ്കയും കുടുംബവും കൂത്താട്ടുകുളത്ത് എത്തിയിട്ടുണ്ട്.
ശ്രീധരീയത്തിൽ മകൾ റോസ്മേരി ഒഡിങ്ക(44)യുടെ ചികിത്സയ്ക്കായാണ് ഇവർ ആദ്യം എത്തിയത്.
ട്യൂമർ ബാധിച്ച റോസ്മേരിക്ക് ഈ ചികിത്സക്കിടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ലോകത്തെ ഒട്ടേറെ സ്ഥലങ്ങളിൽ ചികിത്സിച്ചെങ്കിലും അതൊന്നും ഫലം കാണാതെ വന്നതോടെയാണ് കൂത്താട്ടുകുളത്തേക്ക് എത്തുന്നത്.
2019ൽ ഇവിടുത്തെ ചികിത്സയിൽ മകൾക്കു കാഴ്ചശക്തി തിരിച്ചുകിട്ടിയത് ഒഡിങ്ക തന്നെ ലോകത്തോടു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ലെ മൻ കി ബാത് റേഡിയോ പ്രോഗ്രാമിലും 2023ലെ ആയുഷ് സമ്മേളനത്തിലും പ്രതിപാദിച്ചിരുന്നു.
2008 മുതല 2013 വരെയാണ് ഒഡിങ്ക കെനിയൻ പ്രധാനമന്ത്രിയായിരുന്നത്.
അഞ്ച തവണ പ്രസിഡന്റ് പദവിയിലേക്കു മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. നിലവിൽ പ്രതിപക്ഷത്താണ് ഒഡിങ്കയുടെ ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്മെന്റ് (ഒഡിഎം) എങ്കിലും കഴിഞ്ഞ വർഷം മുതൽ സർക്കാരുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
2027ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒഡിങ്ക മത്സരിച്ചേക്കുമെന്നു വ്യാപകമായ പ്രചരണം നടന്നിരുന്നു എന്നാണ് കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഒഡിങ്കയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒട്ടേറെ വാർത്തകളും പ്രചരിച്ചു.
ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും അതുകൊണ്ടാണ് പൊതുവേദികളിൽ കാണാത്തത് എന്നുമായിരുന്നു പ്രചരണം. എന്നാൽ ഇക്കാര്യങ്ങൾ നിഷേധിച്ചുകൊണ്ട് അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും അടുത്തിടെ രംഗത്തു വന്നിരുന്നു.
അസുഖബാധിതനാണ് ഒഡിങ്കയെന്നും അദ്ദേഹം ഇന്ത്യയിൽ ചികിത്സയിലാണെന്നും വൈകാതെ തന്നെ ആരോഗ്യവാനായി തിരികെ എത്തുമെന്നുമാണ് കുടുംബവും അദ്ദേഹത്തിന്റെ പാർട്ടിയും ഏതാനും ദിവസം മുമ്പ് പ്രസ്താവനയിലൂടെ അറിയിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]