
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൊളഞ്ഞി’ എന്ന ഹ്രസ്വ ചിത്രം കാൻ വേൾഡ് ഫിലിം ഫെസ്റ്റിവലിന്റെ അവസാന റൗണ്ടിൽ. മഹേഷ് എസ് മധു സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് മികച്ച നേട്ടത്തിന് അരികിൽ എത്തിയിരിക്കുന്നത്. പ്രതിമാസ ഫെസ്റ്റിവലിൽ ഹ്രസ്വ ചിത്ര വിഭാഗത്തിലേക്കാണ് ‘മൊളഞ്ഞി’ തെരഞ്ഞെടുക്കപ്പെട്ടത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും കലാമൂല്യമുള്ള സിനിമകൾ കാൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കാറുണ്ട്.
ഫാർമേഴ്സ് ഷെയർ പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത് സംവിധായകൻ മഹേഷ് മധുവും ശർമിൾ ശിവരാമനും ചേർന്നാണ്. ഫാർമേഴ്സ് ഷെയറിന്റെ ബാനറിൽ വിജയ് ഗോവിന്ദ് നാഥും ആബ്രുസ് കൂലിയത്തുമാണ് നിർമ്മാണം. മൃദുൽ എസ് ഛായാഗ്രഹണവും, ഗോപാൽ സുധാകർ ചിത്രസംയോജനവും നിർവഹിച്ച ഹ്രസ്വ ചിത്രത്തിന് സംഗീതം ഒരുക്കിയിയത് വൈശാഖ് സോമനാഥാണ്. സിങ്ക് സൗണ്ട് എൽദോസ് ഐസക്ക്, സൗണ്ട് ഡിസൈൻ & മിക്സിംഗ് സഞ്ജു മോഹൻ, പ്രൊഡക്ഷൻ ഡിസൈൻ റാഷിദ് അഹമ്മദ്, അമൽ സേവിയർ, മേക്കപ്പ് സിമി മേരി, കളറിങ് രവിശങ്കർ എന്നിവർ നിർവ്വഹിച്ചു.
നാല് സഹോദരിമാർ കുടുംബത്തിലെ ഒരടിയന്തര ഘട്ടത്തിൽ ഒന്നിച്ച് കൂടുകയും കുട്ടിക്കാല ഓർമ്മകളിലൂടെ സഞ്ചരിക്കുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവ്യത്തം. ‘ചക്കയരക്ക്’ പോലെ ഇഴുകി ചേർന്ന ബന്ധങ്ങളുടെ കഥയാണ് ‘മൊളഞ്ഞി’ ചർച്ച ചെയ്യുന്നത്. കേരളത്തിലെ ഗ്രാമീണ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രം ഇതിനകം തന്നെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]