
കൊച്ചി: വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രവാസി വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് കോടതിയെ സമീപിച്ചത്. മാനദണ്ഡവുമില്ലാതെ നിരക്ക് വർധിപ്പിക്കുക ആണെന്നും ഈ നിരക്ക് വർധനവ് സാധാരണക്കാരായ പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഉത്സവ സീസണുകളിൽ യഥാർഥ നിരക്കിന്റെ നാലിരട്ടി വിമാനക്കമ്പനികൾ ഈടാക്കുന്നതായും ഹർജിയിൽ പറയുന്നു. ഹർജിയിൽ കേന്ദ്ര വ്യോമയാന വകുപ്പിനെ കക്ഷി ചേർക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓണം സീസൺ പോലുള്ള അവസരങ്ങളിൽ വലിയ തോതിലാണ് ടിക്കറ്റ് വില വർധനവുണ്ടാകുന്നത്. ഇത്തവണത്തെ ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് അന്ന് മുഖ്യമന്ത്രി ഇക്കാര്യം വിശദമാക്കി കത്തും നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്നും തീരുമാനം ഉണ്ടായിരുന്നില്ല. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാന കമ്പനികൾക്ക് ആണെന്നായിരുന്നു കേന്ദ്രത്തിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായ മറുപടി. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവ് മാത്രമേയുള്ളുവെന്നും ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂവെന്നുമാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ മറുപടിയിൽ പറഞ്ഞത്. ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണ് ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നതെന്നും സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
Last Updated Oct 15, 2023, 1:39 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]