
തൃശൂർ: മന്ത്രവാദത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പന്നിത്തടം ചിറമനേങ്ങാട് സ്വദേശി പാലക്കവീട്ടിൽ ആലിക്കുട്ടി മസ്താൻ (60)നെയാണ് മലപ്പുറം കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്നുകാരിയെയാണ് ദിവ്യശക്തിയുണ്ടെന്ന് സ്വയം അവകാശപ്പെടുന്ന ആലിക്കുട്ടി പീഡനത്തിന് ഇരയാക്കിയത്. അന്ധ വിശ്വാസിയായ കുട്ടിയുടെ പിതാവ് വീട്ടിലെ ബുദ്ധിമുട്ടുകൾ മാറ്റുവാനാണ് ഇയാളെ സമീപിച്ചത്.
പെൺകുട്ടിയുടെ ശരീരത്തിൽ പിശാച് ബാധയുണ്ടെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പീഡിപ്പിച്ചത്. ബാധയൊഴിപ്പിക്കലിന്റെ മറവിലാണ് പീഡനം നടത്തിയത്. കർമ്മങ്ങൾക്കെന്ന വ്യാജേന കുട്ടിയുടെ വീട്ടിൽ വെച്ചും ഇയാളുടെ വീട്ടിലേക്ക് വിളിച്ച് വരുത്തിയുമാണ് ഇയാൾ കുട്ടിയെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മന്ത്രവാദത്തിന്റെ മറവിൽ ഇയാൾ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് വ്യാപക പരാതിയുണ്ട്.
അതേസമയം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ യുവാവിന് 29 വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ചിറ്റാട്ടുകര സ്വദേശി പ്രണവിനെയാണ് (24 ) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ലിഷ എസ് ശിക്ഷിച്ചത്. 2017 -18 കാലത്ത് നടന്ന സംഭവത്തിൽ പാവറട്ടി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അതിക്രമിച്ചു കയറി സ്വർണാഭരണങ്ങൾ കവർന്നുവെന്നുമാണ് കേസ്. കടുത്ത മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടിയെ കൗൺസിലിങ്ങിന് എത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടിയും മാതാപിതാക്കളും പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിചാരണ വേളയിൽ 21 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ സഹിതമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെഎസ് ബിനോയിയാണ് ഹാജരായത്.
Last Updated Oct 14, 2023, 5:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]