കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.ജയരാജന് ജന്മനാട്ടിൽ ഊഷ്മള സ്വീകരണം നൽകി.
പാട്യത്തെ പ്രാദേശിക പാർട്ടി പ്രവർത്തകരാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. പുനഃസംഘടിപ്പിക്കപ്പെട്ട
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിലൂടെ പി.ജയരാജൻ പാർട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. അർഹമായ ഘട്ടങ്ങളിലൊക്കെ മാറ്റിനിർത്തപ്പെട്ട
അദ്ദേഹത്തിന് കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിലാണ് സംസ്ഥാനത്തെ ഉന്നത സമിതിയിലേക്ക് വഴിതുറന്നത്. ആർ.എസ്.എസ് ആക്രമണത്തെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന പി.ജയരാജനെ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്തിയത് വഴി സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന സന്ദേശമാണ് സിപിഐഎം നൽകുന്നത്.
പാർട്ടി പ്രവർത്തകർക്കിടയിലും അനുയായികൾക്കിടയിലും ‘പി.ജെ’ എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സിപിഐഎമ്മിന്റെ മുഖ്യധാരാ നേതൃത്വത്തിലേക്കുള്ള തിരിച്ചുവരവാണിത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിന് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമായിരുന്നു.
തുടർന്ന് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഔദ്യോഗിക പദവികളിൽ നിന്നും തഴയപ്പെട്ടെങ്കിലും ജനങ്ങൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം ദിനംപ്രതി വർദ്ധിക്കുന്നതാണ് കണ്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലും സംസ്ഥാനത്താകെയും നേരിട്ട തിരിച്ചടികൾക്ക് പിന്നാലെ ‘പി.ജെയെ വിളിക്കൂ’ എന്ന മുറവിളി പാർട്ടി ക്യാമ്പുകളിൽ ശക്തമായി ഉയർന്നിരുന്നു.
പ്രവർത്തകരുടെ ഈ വികാരം മാനിച്ച് പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താൻ കേന്ദ്ര നേതൃത്വം കർശന നിർദ്ദേശം നൽകുകയായിരുന്നു. കേന്ദ്ര നേതാക്കളുടെ യോഗത്തിൽ പി.ബി അംഗം അശോക് ധാവ്ളെ പേര് നിർദ്ദേശിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അതിനെ പിന്താങ്ങുകയായിരുന്നു.
സംഘപരിവാറുമായി പാർട്ടി സമരസപ്പെടുന്നുവെന്ന ആക്ഷേപം ശക്തമായ ഘട്ടത്തിലാണ് ‘പോരാളി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പി.ജയരാജനെ കേന്ദ്ര നേതൃത്വം സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവരുന്നത്. പാർട്ടിയുമായി അകലം പാലിച്ചിരുന്ന വിഭാഗങ്ങൾക്ക് നൽകുന്ന വ്യക്തമായ സന്ദേശമാണിത്.
പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ മേഖലകളിലെ തിരിച്ചടികൾക്ക് ശേഷം കണ്ണൂരിലെ പാർട്ടിക്ക് നവോന്മേഷം പകരാൻ പി.ജയരാജന്റെ കടന്നുവരവിലൂടെ സാധിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

