
ബംഗളുരു: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ വണ്‍, ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. കൃത്രിമ ഉപഗ്രഹത്തിന്റെ നാലാമത് ഭമണപഥം ഉയര്‍ത്തല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. മൗറീഷ്യസ്, ബംഗളുരു, ശ്രീഹരിക്കോട്ട, പോര്‍ട്ട്ബ്ലെയര്‍ എന്നിവിടങ്ങളിലെ ഐഎസ്ആര്‍ഒയുടെ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ഭ്രമണപഥം ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു. ആദിത്യ എല്‍ വണ്ണിന് വേണ്ടി ഫിജി ദ്വീപുകളില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ട്രാന്സ്പോര്ട്ടബള് ടെര്‍മിനലായിരിക്കും ‘പോസ്റ്റ് ബേണ്‍’ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
256 കിലോമീറ്റര്‍ x 121973 കിലോമീറ്ററാണ് ആദിത്യ എല്‍ വണ്ണിന്റെ പുതിയ ഭ്രമണപഥം. ഭൂമിയുടെ ഭ്രമണപഥം വിട്ട് ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നത് സെപ്റ്റംബര്‍ 19-ാം തീയ്യതിയായിരിക്കും. പുലര്‍ച്ചെ രണ്ട് മണിയോടെ നടക്കാനിരിക്കുന്ന ഈ മാറ്റത്തോടെ ആദിത്യ എല്‍ വണ്‍ ഭൂമിയുടെ ഭ്രമണ പഥത്തില്‍ നിന്ന് പൂര്‍ണമായി മാറും. ഇന്ന് പുലര്‍ച്ചെ നടന്ന മാറ്റത്തിന് പുറമെ ഇതിന് മുമ്പ് മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്. സെപ്റ്റംബര്‍ രണ്ടിന് നടന്ന വിക്ഷേപണത്തിന് ശേഷം സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും അഞ്ചാം തീയ്യതിയും പത്താം തീയ്യതിയും ഭ്രമണപഥം ഉയര്‍ത്തി.
Read also: വാനോളം അഭിമാനം! ഇന്ത്യ ചന്ദ്രനെ തൊട്ടപ്പോൾ ചുക്കാൻ പിടിച്ചവർക്ക് അനന്തപുരിയിൽ ആദരം
ലക്ഷ്യ സ്ഥാനമായ ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്രയ്ക്ക് മുമ്പ് ഏകദേശം 16 ദിവസം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ തുടരുമ്പോഴാണ് തുടര്‍ യാത്രയ്ക്ക് വേണ്ട ചലന വേഗത ആദിത്യ എല്‍ വണ്‍ നേടുന്നത്. ഇത് സെപ്റ്റംബര്‍ 19ന് പൂര്‍ത്തിയാകുന്നതോടെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ഒന്നാം ലെഗ്രാഞ്ച് പോയിന്റിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങും. തുടര്‍ന്ന് 110 ദിവസം നീളുന്നതായിരിക്കും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്.
സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ വണ്‍, ഐഎസ്ആര്‍ഒയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഐഎസ്ആര്‍ഒക്ക് അപ്പുറമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ പങ്കാളിത്തം മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു. സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം. സൂര്യന്റെ കൊറോണയെ പറ്റിയും, കാന്തികമണ്ഡലത്തെ പറ്റിയും, സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ.
ആദിത്യയുടെ യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. സൗരയൂഥത്തിന്റെ ഊര്‍ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടമാണ് ആദിത്യയുടെ ലക്ഷ്യം. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിമീ അകലെയുള്ള ഹാലോ ഓര്‍ബിറ്റാണ് ആദിത്യ ലക്ഷ്യമിടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Sep 15, 2023, 8:09 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]