
തിരുവനന്തപുരം ∙ തനിക്കെതിരായ വ്യാജരേഖകള്‍ ചമച്ചത് പൊലീസിനുള്ളിൽ നിന്നാണെന്നും ആരോപണങ്ങള്‍ക്കു പിന്നില്‍ പൊലീസിലെ തന്നെ ഗൂഢാലോചയാണെന്നും എഡിജിപി
മൊഴി. അനധികൃതസ്വത്തു സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് അജിത്കുമാര്‍ നല്കിയ മൊഴിയിലാണ് പൊലീസിലെ കൂട്ടാളികള്‍ക്കെതിരായ വിമര്‍ശനം.
മുന്‍ എംഎല്‍എ വഴങ്ങാത്തതാണ് ആരോപണങ്ങള്‍ക്കു കാരണമെന്നും മൊഴിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശ പ്രകാരമാണ് പി.വി.അന്‍വറുമായി സംസാരിച്ചത്. സംശയങ്ങള്‍ ദൂരീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടെന്നും എഡിജിപിയുടെ മൊഴിയിലുണ്ട്.
വീട് നിര്‍മിക്കുന്നത് ഭാര്യാപിതാവ് നല്കിയ ഭൂമിയിലാണെന്നും ഫ്ലാറ്റ് മറിച്ചു വിറ്റ് ലാഭം നേടിയിട്ടില്ലെന്നും മൊഴിയില്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത് കുമാറിനു ക്ലീന്‍ ചിറ്റ് നല്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. വിജിലന്‍സ് കൃത്യമായ പരിശോധന നടത്തിയിട്ടില്ലെന്നും തെളിവുകള്‍ കണക്കിലെടുക്കാതെയുള്ള റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.
അജിത് കുമാര്‍ ഒരു രൂപ പോലും അനധികൃതമായി സമ്പാദിച്ചതിനു തെളിവില്ലെന്ന് കാട്ടിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ അസല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമായിരുന്നു കോടതിയുടെ നടപടി.
വിജിലന്‍സ് ഡപ്യൂട്ടി സൂപ്രണ്ട് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
മതിയായ രേഖകളും തെളിവും വിജിലന്‍സ് പരിശോധിച്ചില്ല. മേലുദ്യോഗസ്ഥനെ സംരക്ഷിക്കുക എന്ന മട്ടില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് വിജിലന്‍സ് ചെയ്തതെന്നും കോടതി ഉത്തരവിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]