
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിമാന കമ്പനികൾക്ക് പ്രത്യേക നിർദേശവുമായി സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ. ബോയിംഗ് B737, B787 ഡ്രീംലൈനറുകൾ ഉൾപ്പെടെയുള്ള ചില ബോയിംഗ് വിമാനങ്ങളിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് ലോക്കിംഗ് സംവിധാനം പരിശോധിക്കാനാണ് നിർദേശം.
ജൂലൈ 21-നകം ഇത് പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഈ നടപടി.
എയർ ഇന്ത്യ അപകടത്തിൽ ഫ്യുവൽ കൺട്രോൾ സ്വിച്ചുകൾക്ക് പ്രധാന പങ്കുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇന്ധന വിതരണം നിയന്ത്രിക്കുന്ന ഈ സ്വിച്ചുകൾ ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട്ഓഫ്’ പൊസിഷനിലേക്ക് മാറിയതാണ് എഞ്ചിനുകൾക്ക് ഇന്ധനം ലഭിക്കാതെ വരാൻ കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA)2018 ഡിസംബറിൽ തന്നെ ചില ബോയിംഗ് വിമാനങ്ങളിലെ ഫ്യുവൽ കൺട്രോൾ സ്വിച്ച് ലോക്കിംഗ് സംവിധാനത്തിൽ തകരാറുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ അന്ന് നിർബന്ധ സ്വഭാവത്തിലുള്ള അറിയിപ്പ് അല്ലാതിരുന്നതിനാൽ എയർ ഇന്ത്യ ഈ പരിശോധന നടത്തിയിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
നിരവധി ആഭ്യന്തര, അന്താരാഷ്ട്ര വിമാനക്കമ്പനികൾ പുതിയ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പരിശോധനകൾ ആരംഭിച്ചതായി ഡിജിസിഎയുടെ ഉത്തരവിൽ പറയുന്നു. ബോയിങ് കമ്പനിയുടെ നിരവധി മോഡലുകൾക്ക് ഈ പരിശോധന ബാധകമാണ്.
വിമാനങ്ങളുടെ തുടർച്ചയായ പ്രവർത്തനക്ഷമതയും സുരക്ഷയും ഉറപ്പാക്കാൻ നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഈ നിർദേശം കർശനമായി പാലിക്കണമെന്ന് ഡിജിസിഎ എയർവെർത്തിനസ് ഡയറക്ടർ നൽകിയ ഉത്തരവിൽ പറയുന്നു. അതേസമയം എയർ ഇന്ത്യ തങ്ങളുടെ 33 ഡ്രീംലൈനർ വിമാനങ്ങളിൽ പകുതിയോളം എണ്ണത്തിലും ഈ പരിശോധന പൂർത്തിയാക്കിയതായും ലോക്കിംഗ് സംവിധാനത്തിൽ തകരാറുകളൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബാക്കിയുള്ള ഡ്രീംലൈനർ വിമാനങ്ങളിലും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കും. വിമാനങ്ങൾഇന്ത്യയിൽ എത്തുമ്പോഴോ അല്ലെങ്കിൽ എയർ ഇന്ത്യയ്ക്ക് എഞ്ചിനീയറിങ് സംവിധാനമുള്ള വിമാനത്താവളങ്ങളിൽ എത്തുമ്പോഴോ പരിശോധന പൂർത്തിയാക്കും.
എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ മറ്റ് വിമാനങ്ങളും പരിശോധിച്ചതായും തകരാറുകളൊന്നും കണ്ടെത്തിയില്ലെന്നും റിപ്പോർട്ട് പറയുന്നു. അഹ്മദാബാദിൽ അപകടത്തിൽപ്പെട്ട
ഡ്രീംലൈനർ വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ ഉൾപ്പെടുന്ന ത്രോട്ടിൽ കൺട്രോൾ മൊഡ്യൂൾ 2019 ലും 2023 ലും മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ, ഇന്ധന നിയന്ത്രണ സ്വിച്ചുമായി ബന്ധപ്പെട്ടായിരുന്നില്ല ഇതെന്നാണ് പ്രാഥമിക റിപ്പോർട്ട് പറയുന്നത്.
ഫ്ലൈറ്റ് റെക്കോർഡറിൽ നിന്ന് ഡൗൺലോഡ് ചെയ്ത വിവരങ്ങൾ വിശദമായി വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അന്വേഷണം തുടരുകയാണെന്നും കൂടുതൽ തെളിവുകളും രേഖകളും വിവരങ്ങളും ശേഖരിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]