

14 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ ; ജർമ്മൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
സ്വന്തം ലേഖകൻ
ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. 14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് താരം അവസാനം കുറിച്ചത്. യൂറോ കപ്പിൽ ജർമ്മനി പുറത്തായതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ജർമ്മൻ കുപ്പായത്തിൽ 131 മത്സരങ്ങൾ കളിച്ച താരം 45 ഗോളുകൾ നേടിയിട്ടുണ്ട്. 2014ൽ ലോകചാമ്പ്യനായ ജർമ്മൻ നിരയിൽ മുള്ളർ അംഗമായിരുന്നു.
2010ലെ ലോകകപ്പിൽ ജർമ്മനി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോൾ മികച്ച യുവതാരമായതും ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതും മുള്ളറാണ്. രാജ്യത്തിന് വേണ്ടി കളിച്ചത് എപ്പോഴും അഭിമാനമായിരുന്നുവെന്ന് താരം പ്രതികരിച്ചു. ഓരോ നേട്ടങ്ങളും നമ്മൾ ഒരുമിച്ച് സന്തോഷിച്ചതായും എന്നാൽ ചിലസമയം ഒന്നിച്ച് കരയേണ്ടി വന്നതായും തോമസ് മുള്ളർ ആരാധകരോടായി പറഞ്ഞു.
ജർമ്മനിക്കായി അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം നടക്കുമ്പോൾ ഇത്രയധികം നേട്ടങ്ങളിലേക്ക് എത്തിച്ചേരുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല. ഇതൊന്നും താൻ സ്വപ്നം കണ്ടിട്ടുമില്ല. ഈ അവസരത്തിൽ ജർമ്മൻ ഫുട്ബോളിന്റെ എല്ലാ ആരാധകരോടും ഇക്കാലമത്രയും തന്നെ പിന്തുണച്ച സഹതാരങ്ങളോടും നന്ദി അറിയിക്കുന്നതായും തോമസ് മുള്ളർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]