

വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ സ്വപ്നപദ്ധതിയായി ആഘോഷിക്കുന്നവര്‍ ഒരു ജനതയുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു, ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയും അവരുടെ ന്യായമായ ആവശ്യങ്ങളെ നിരാകരിച്ചും പദ്ധതി നടപ്പാക്കി, തീരദേശ ജനതയെ ശത്രുപക്ഷത്ത് നിർത്തുന്ന സമീപനമാണ് കൈകൊള്ളുന്നത്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ സഭ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ ഓപ്പറേഷൻ ആരംഭിച്ച സാഹചര്യത്തിൽ സർക്കാറിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി ലത്തീൻ സഭ.
വിഴിഞ്ഞം തുറമുഖത്തെ കേരളത്തിന്റെ സ്വപ്നപദ്ധതിയായി ആഘോഷിക്കുന്നവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ തകര്‍ന്നടിഞ്ഞ സ്വപ്നങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കേരള റീജീയൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) ജനറല്‍ അസംബ്ലി കഴിഞ്ഞ ദിവസം പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കി.
മത്സ്യത്തൊഴിലാളികൾ സ്ഥിരം അപകടത്തിൽ മരിക്കുന്ന മുതലപ്പൊഴിയിൽ ഭരണകൂടം തുടരുന്ന അനാസ്ഥയിലും വലിയ പ്രതിഷേധം സഭയ്ക്കുണ്ട്. തീരദേശ ജനതയെ ശത്രുപക്ഷത്ത് നിർത്തുന്ന സമീപനമാണ് സർക്കാറിൽനിന്നുണ്ടാകുന്നതെന്ന വിമർശനം സഭയിൽ വ്യാപകമാണ്.
‘ജനകീയ പ്രക്ഷോഭത്തെ അനഭിമത മാര്‍ഗങ്ങളിലൂടെ അടിച്ചമര്‍ത്തിയും ഒരു ജനസമൂഹം ഉയര്‍ത്തിയ ന്യായമായ ആവശ്യങ്ങളെ നിരാകരിച്ചും’ വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതെന്ന വിമർശനമാണ് ലത്തീൻ അതിരൂപക്കുള്ളത്.
വികസനത്തിന്റെ ഇരകളായി മാറിയവരുടെ ന്യായമായ ആവശ്യങ്ങള്‍ അവഗണിക്കുകയാണ്. കോര്‍പറേറ്റ് താൽപര്യങ്ങള്ക്ക് സര്‍ക്കാറും രാഷ്ട്രീയനേതൃത്വങ്ങളും വശംവദരായിരിക്കുന്നെന്നും സഭ കുറ്റപ്പെടുത്തുന്നു.
തദ്ദേശവാസികള്‍ക്ക് തൊഴില്‍ അവസരം, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പുനരധിവാസം തുടങ്ങിയ കാര്യങ്ങളിലെ വല്ലാര്‍പാടം അനുഭവം വിസ്മരിക്കാനാവില്ല. വിഴിഞ്ഞം പദ്ധതിയുടെ പ്രത്യാഘാതം പഠിക്കാന്‍ സര്‍ക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെയും സഭ ചോദ്യം ചെയ്യുന്നു.
റിപ്പോർട്ട് നാലു മാസം മുമ്പാണ് സർക്കാറിന് സമർപ്പിച്ചത്. പരിശോധന നടത്തി റിപ്പോർട്ടിൽ നടപടി സ്വീകരിക്കുമെന്ന മറുപടി ആവർത്തിക്കുകയാണ് സർക്കാർ. റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചിരിക്കുന്നെന്ന ആരോപണം മത്സ്യത്തൊഴിലാളി സംഘടനകൾ നേരത്തേ ഉന്നയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കെ.ആർ.എൽ.സി.സിയും പ്രതിഷേധം പരസ്യമാക്കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ലത്തീൻ അതിരൂപത നേതൃത്വം വിഴിഞ്ഞത്തെ കപ്പലിനുള്ള സ്വീകരണ ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു. വിഴിഞ്ഞം ഇടവക വികാരിയും കൗൺസിൽ അംഗങ്ങളും മാത്രമാണ് സംബന്ധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]