സാധാരണക്കാരുടെ ഭക്ഷണമേശയിലെ സ്ഥിരം സാന്നിധ്യവും പോഷകഗുണങ്ങളുടെ കലവറയുമായ ചാള (മത്തി) കൊല്ലം തീരത്ത് വീണ്ടും സമൃദ്ധമായി എത്തുന്നു. കഴിഞ്ഞ രണ്ടു വർഷമായി ചാളയുടെ ലഭ്യതയിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു.
കേരളത്തിൽ മൊത്തം 4 ലക്ഷം ടൺ വരെ ലഭിക്കാറുണ്ടായിരുന്ന സ്ഥാനത്ത് ഇത് 30,000 ടണ്ണായി ഇടിഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ, അനുകൂലമായ കാലാവസ്ഥാ വ്യതിയാനങ്ങളെത്തുടർന്ന് ഇത്തവണ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഓൾകേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി തീരത്ത് ചാകര സമാനമായ അന്തരീക്ഷമാണ്. തമിഴ്നാട്, ബംഗാൾ ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ ട്രോളിങ് നിരോധനം നിലനിൽക്കുന്നതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപാരികൾ പോലും മത്സ്യത്തിനായി ഇപ്പോൾ കൊല്ലത്തെ ആശ്രയിക്കുന്നുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ലഭിക്കുന്ന കടൽ മത്സ്യങ്ങളിൽ ഒന്നാണ് ക്ലൂപ്പിഡേ കുടുംബത്തിൽപ്പെട്ട ചാള.
ഇറ്റലിയിലെ സർഡീനിയ എന്ന ദ്വീപിന്റെ പേരിലാണ് സാർഡീൻ എന്ന പേര് ലഭിച്ചത്. മഴ കനക്കുകയും കടൽജലത്തിന്റെ താപനില കുറയുകയും ചെയ്തതോടെ നെയ്ച്ചാളയുടെ സീസൺ ആരംഭിച്ചു.
പോർട്ട് മുതൽ താന്നി വരെയുള്ള ഭാഗങ്ങളിൽ വല നിറയെ മീനുകൾ ലഭിക്കുന്നുണ്ട്. ഹൃദ്രോഗത്തെ പ്രതിരോധിക്കാനും രക്താതിമർദം കുറയ്ക്കാനും സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്തി.
കൂടാതെ കാൽസ്യം, വൈറ്റമിൻ ഡി, ബി 12, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണിത്. മേയ് മാസം മുതൽ സെപ്റ്റംബർ വരെയാണ് ചാളയുടെ പ്രധാന സീസൺ.
പ്രജനന കാലമായ ജൂൺ-ജൂലൈ മാസങ്ങളിൽ ലഭിക്കുന്ന മീനുകളിൽ മുട്ടയും കാണാറുണ്ട്. ഒക്ടോബർ മാസത്തോടെ നെയ് കുറയുന്നതോടെ ഇവയുടെ രുചിയിൽ മാറ്റം വരുന്നു.
അതേസമയം, പരന്നു നീണ്ട ശരീരപ്രകൃതിയുള്ള മത്തി നവംബർ-ഡിസംബർ മാസങ്ങളിലാണ് കൂടുതൽ ലഭിക്കുന്നത്.
ഇതിനിടെ, വലുപ്പമേറിയ ഒമാൻ ചാളയും അപൂർവ്വമായി ലഭിക്കാറുണ്ട്. “ഒരു കുട്ട
ഒമാൻ മത്സ്യത്തിന് 12,000– 13,000 രൂപവരെ വില ലഭിക്കുമെന്ന്” ഇരവിപുരം കാക്കത്തോപ്പ് സ്വദേശിയായ മത്സ്യത്തൊഴിലാളി ബെഞ്ചമിൻ വർഗീസ് പറഞ്ഞു. മത്സ്യങ്ങൾ കേടാകാതിരിക്കാൻ ചെറിയ പാത്രങ്ങളിൽ വെള്ളമൊഴിച്ച് ഫ്രീസറിൽ സൂക്ഷിക്കുന്ന രീതി മത്സ്യത്തൊഴിലാളികൾ നിർദ്ദേശിക്കുന്നു.
ഇപ്പോൾ വിപണിയിൽ കിലോയ്ക്ക് 150 മുതൽ 200 രൂപ വരെയാണ് ചാളയുടെ വില. പോഷകമൂല്യങ്ങൾക്കപ്പുറം വളമായും കീടനാശിനിയായും ഉപയോഗിക്കുന്ന ഫിഷ് അമിനോ നിർമ്മാണത്തിനും ചാള ഉപയോഗിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

