
സാവോപോളോ: ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായതിന് പിന്നാലെ കാര്‍ലോ ആഞ്ചലോട്ടി മറ്റൊരു സസ്പെന്‍സ് കൂടി സൃഷ്ടിക്കുന്നു. എസി മിലാനില്‍ തന്റെ പ്രിയ താരമായിരുന്ന ബ്രസീലിയന്‍ ഇതിഹാസം റിക്കാര്‍ഡോ കക്കയെ സഹ പരിശീലകനായി ടീമിലെത്തിക്കാന്‍ ആഞ്ചലോട്ടി ശ്രമിക്കുന്നതായി സിഎന്‍എന്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തു. അറ്റാക്കിംഗ് മിഡ്ഫീള്‍ഡറായിരുന്ന കക്ക തന്റെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചിരുന്നത് മിലാനില്‍ ആഞ്ചലോട്ടിയുടെ ശിക്ഷണത്തിലായിരുന്നു.
നിലവില്‍ ലാലിഗ ടീം റയല്‍ മാഡ്രിഡിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇറ്റലിക്കാരനായ കാര്‍ലോ ആഞ്ചലോട്ടി. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരുടെ പട്ടികയില്‍ സ്ഥാനമുള്ള ആഞ്ചലോട്ടി ക്ലബ് സീസണ് കഴിഞ്ഞയുടനെ ബ്രസീല്‍ ദേശീയ ടീമിനൊപ്പം ചേരും. ബ്രസീലിനെ പരിശീലിപ്പിക്കാന്‍ തന്റെ പരിശീലന സംഘത്തെ പുതുക്കാനുള്ള ആലോചനയിലാണ് കാര്‍ലോ നിലവിലുള്ളത് എന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി മിലാന് മുന്‍ താരവും ബ്രസീലിന്റെ 2002 ലോകകപ്പ് ജേതാവുമായ റിക്കാര്‍ഡോ കക്കയെ സഹപരിശീലകനായി നിയമിക്കാനാണ് ആഞ്ചലോട്ടിയുടെ പ്ലാന്‍. 2003 മുതല്‍ 2009 വരെ മിലാനില്‍ കക്കയെ പരിശീലിപ്പിച്ചിട്ടുള്ള ആഞ്ചലോട്ടിക്ക് താരവുമായി അടുത്ത ബന്ധമാണുള്ളത്. ഇരുവരും ചേര്‍ന്ന് എസി മിലാന് ചാമ്പ്യന്‍സ് ലീഗ്, സെരീ എ കിരീടങ്ങള്‍ സമ്മാനിച്ചിരുന്നു. മിലാനില്‍ മിന്നും ഫോമില്‍ കളിക്കവെ കക്കയെ തേടി 2007ല്‍ ബാലന് ഡി ഓര് പുരസ്കാരവുമെത്തി.
ബ്രസീല്‍ ഫുട്ബോള്‍ ടീം മുഖ്യ പരിശീലകനായി കാര്‍ലോ ആഞ്ചലോട്ടിയുമായി ഫെഡറേഷന് കരാറിലെത്തിയതിനെ കക്ക സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്വാഗതം ചെയ്തിരുന്നു. ഇത് ഇരുവരും തമ്മില്‍ പുതിയൊരു തുടക്കത്തിന്റെ സൂചനയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ പ്രൊഫഷനല്‍ ഫുട്ബോളിനോട് വിടപറഞ്ഞ ശേഷം കക്ക കോച്ചിംഗ് ലൈസന്‍സ് നേടിയിരുന്നു. ഫുട്ബോള്‍ കരിയറില്‍ എസി മിലാന് പുറമെ വമ്പന്‍ ക്ലബായ റയല്‍ മാഡ്രിഡിനായും കക്ക കളിച്ചിട്ടുണ്ട്. ബ്രസീലിനായി 92 മത്സരങ്ങളുടെ അനുഭവ സമ്പത്തും റിക്കാര്‍ഡോ കക്കയ്ക്കുണ്ട്.
ലാലിഗയില്‍ മെയ് 25ന് റയല്‍ സോസിഡാഡുമായാണ് റയല്‍ മാഡ്രിഡിന് സീസണിലെ അവസാന മത്സരം. ഇത് കഴിഞ്ഞയുടന്‍ കാര്‍ലോ ആഞ്ചലോട്ടി പുതിയ ചുമതല ഏറ്റെടുക്കാന്‍ ബ്രസീലിലേക്ക് പറക്കും. ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെതിരെ ജൂണ്‍ ആറിനായിരിക്കും ബ്രസീല്‍ പരിശീലക കുപ്പായത്തില്‍ ഡോണ്‍ കാര്‍ലോയുടെ അരങ്ങേറ്റം. അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്ത വേദിയൊരുക്കുന്ന 2026 ഫുട്ബോള്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തുക ലക്ഷ്യമിട്ടാണ് ആഞ്ചലോട്ടിയെ മുഖ്യ പരിശീലകനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ നിയമിച്ചിരിക്കുന്നത്. നിലവില്‍ യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്താണ് ബ്രസീലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]