
മുംബൈ: ദക്ഷിണ മുംബൈയിലെ പ്രമുഖ ഭക്ഷണശാല ഉടമയെ കൊള്ളയടിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥർ അടക്കം അഞ്ച് പേർ പിടിയിലായി. ദക്ഷിണ മുംബൈയിലെ മാട്ടുംഗയിലെ പ്രമുഖ ഭക്ഷണ ശാല ഉടമയേയാണ് തെരഞ്ഞെടുപ്പ്, ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് കൊള്ളടിച്ചത്. ചൊവ്വാഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ സംഘം മൈസൂർ കഫേ ഉടമ നരേഷ് നായകിന്റെ വീട്ടിലേക്ക് മിന്നൽ പരിശോധനയ്ക്ക് എത്തിയത്.
ഐഡി കാർഡുകൾ കാണിച്ച സംഘം ഫ്ലാറ്റിൽ കോടിക്കണക്കിന് രൂപ ഒളിപ്പിച്ച് വച്ചതായി വിവരം ലഭിച്ചതായി വിശദമാക്കി റെയ്ഡ് നടത്തുകയായി. തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനുള്ള കള്ളപ്പണം ഫ്ലാറ്റിൽ സൂക്ഷിച്ചതായാണ് സംഘം ആരോപിച്ചത്. ഫ്ലാറ്റിൽ ഇത്രയധികം പണമില്ലെന്ന് നരേഷ് നായക് വിശദമാക്കിയെങ്കിലും സംഘം പരിശോധന തുടർന്നു. ഇതിനിടെ ഹോട്ടലുടമയെ നഗ്നനാക്കി പൊലീസ് ജീപ്പിൽ ഹോട്ടലിലെത്തിച്ച്ച പരിശോധിക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് വീട്ടിൽ നിന്നും ഹോട്ടൽ ഉടമയിൽ നിന്നുമായി 25 ലക്ഷം രൂപ തട്ടിപ്പ് സംഘം കവർന്നത്.
ഹോട്ടലുടമയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി വിശദമായത്. പിന്നാലെ നഗരത്തിലെ പല ഭാഗങ്ങളിലായി നടന്ന പരിശോധനയിലാണ് അഞ്ച് പേർ പിടിയിലായത്. അറസ്റ്റിലായവരിൽ രണ്ട് പേർ പൊലീസ് സേനയിൽ നിന്ന് വിരമിച്ചയാളും നിലവിൽ മോട്ടോർ ട്രാൻസ്പോർട്ട് വകുപ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ ആൾ ഉൾപ്പെടുന്നതായി പൊലീസ് വ്യക്തമാക്കി. മൈസൂർ കഫേയിൽ നിന്ന് പുറത്താക്കിയ ഒരു ജീവനക്കാരനാണ് തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് വിവരം. തട്ടിയെടുത്ത പണം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് വിശദമാക്കി.
അറസ്റ്റിലായവരെ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടുണ്ട്. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു. തട്ടിപ്പിന്റെ സൂത്രധാരന്റെ കൈവശമാണ് പണത്തിന്റെ ഭൂരിഭാഗവും സൂക്ഷിച്ചിട്ടുള്ളതെന്നാണ് സൂചന.
Last Updated May 15, 2024, 10:56 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]