
തിങ്ങിനിറഞ്ഞ ട്രെയിനിൽ കയറാൻ നൂറുകണക്കിന് സ്ത്രീകള്‍ കഷ്ടപ്പെടുന്ന വീഡിയോ പുറത്ത്. മുംബൈയിൽ പൊടിക്കാറ്റ് കാരണം ലോക്കൽ ട്രെയിൻ സർവീസുകൾ വൈകിയതിനെ തുടർന്നാണ് ഇത്രയധികം തിക്കും തിരക്കും അനുഭവപ്പെട്ടത്. താനെ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തുന്നതാണ്.
ഇതിനകം നിറഞ്ഞ കംപാർട്ട്മെന്റിൽ പ്രവേശിക്കാൻ നൂറുകണക്കിന് സ്ത്രീകളാണ് തടിച്ചുകൂടി നിൽക്കുന്നത്. ഒന്ന് കയറിപ്പറ്റാനുള്ള തിരക്കിനിടയിൽ ചിലർ നിലത്തു വീണു പോയി. വീണുപോയവരെ വളരെ പ്രയാസപ്പെട്ട് ചിലർ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ‘കണ്ണീരും കഷ്ടപ്പാടും, ഞെട്ടിപ്പിക്കുന്നത്’ എന്ന പേരിൽ മുംബൈ റെയിൽവേ യൂസേഴ്സ് എന്ന അക്കൌണ്ടിലാണ് വീഡിയോ ഷെയർ ചെയ്തത്. മുംബൈ നിവാസികളുടെ യാത്രാ ക്ലേശങ്ങളെക്കുറിച്ച് അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്ന വിമർശനവും ഉന്നയിച്ചു. ‘യാത്രക്കാരുടെ ജീവന് ഒരു വിലയുമില്ലേ, എന്തൊരവസ്ഥ’ തുടങ്ങിയ കമന്റുകള്‍ വീഡിയോയ്ക്ക് താഴെ കാണാം.
ശക്തമായ പൊടിക്കാറ്റ് ഇന്നലെ മുംബൈയിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ ഗതാഗതത്തെയും തടസ്സപ്പെടുത്തിയിരുന്നു. കൊടുങ്കാറ്റിൽ കൂറ്റൻ പരസ്യ ബോർഡ് തകർന്ന് 14 പേരാണ് മരിച്ചത്. താനെ, മുളുന്ദ് സ്റ്റേഷനുകൾക്കിടയിൽ ശക്തമായ കാറ്റിനെ തുടർന്ന് ഓവർഹെഡ് പോൾ വളഞ്ഞതിനെ തുടർന്ന് വൈകുന്നേരം 4:15 ഓടെ രണ്ട് മണിക്കൂറിലധികം ലോക്കൽ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. വൈകുന്നേരം 6:45 ഓടെ മന്ദഗതിയിൽ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. സബർബൻ സർവീസുകളും നിർത്തിവച്ചിരുന്നു. ഇതോടെ വൈകുന്നേരത്തെ പതിവുള്ള തിരക്ക് കൂടുതൽ രൂക്ഷമായി.
പൊടിക്കാറ്റിനെ തുടർന്ന് സബർബൻ സർവീസുകൾ 15-20 മിനിറ്റെങ്കിലും വൈകിയാണ് ഓടിയതെന്ന് വെസ്റ്റേൺ റെയിൽവേ ചീഫ് വക്താവ് സുമിത് താക്കൂർ പറഞ്ഞു. ചർണി റോഡ് സ്റ്റേഷന് സമീപം സിഗ്നൽ തകരാറുണ്ടായി. ട്രെയിൻ യാത്ര തടസ്സപ്പെട്ടതോടെ ചിലർ ട്രാക്കിലൂടെ ഏറെദൂരം നടന്നാണ് വീട്ടിലെത്തിയത്. കാലം തെറ്റിയുള്ള മഴയും പൊടിക്കാറ്റും കാരണം മരങ്ങൾ കടപുഴകി നഗരത്തിലുടനീളം റോഡ് ഗതാഗതവും സ്തംഭിച്ചു.
Last Updated May 14, 2024, 4:15 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]