
‘മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടത് നരേന്ദ്ര മോദി മാത്രം; പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ മുനമ്പം ജനതയുടെ പ്രശ്നങ്ങൾക്കുള്ള ഏക ഉത്തരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി . മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനു പ്രതിജ്ഞാബദ്ധരാണെന്നും വഖഫ് ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിച്ചു കഴിഞ്ഞാൽ മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങളടക്കം അയച്ചു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം സമരപ്പന്തലിൽ ബിജെപി സംഘടിപ്പിച്ച ‘നന്ദി മോദി– ബഹുജനക്കൂട്ടായ്മ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരപ്പന്തലിലെത്തിയ കേന്ദ്രമന്ത്രിയേയും കൂട്ടരേയും ചവിട്ടുനാടകത്തിന്റെ അകമ്പടിയോടെയാണ് തീരദേശ ജനത സ്വീകരിച്ചത്. മത്സ്യത്തൊഴിലാളികളുടെ തൊപ്പി അദ്ദേഹത്തെ അണിയിക്കുകയും ചെയ്തു. നേരത്തേ വാർത്താ സമ്മേളനത്തിനു ശേഷം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി റിജിജു ബിഷപ്പ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
കോൺഗ്രസും സിപിഎമ്മും മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് ഒന്നും ചെയ്തില്ലെന്ന് റിജിജു പറഞ്ഞു. ഇനി അവരെ കേൾക്കരുത്. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടത് നരേന്ദ്ര മോദി മാത്രമാണ്. വഖഫ് ഭേദഗതി ബില്ലിന്റെ കരട് തയാറാക്കുമ്പോൾ മുനമ്പം പ്രശ്നം തങ്ങളുടെ മനസിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും ഒരു നിശ്ചിത തീയതിക്കുള്ളിൽ മുനമ്പം പ്രശ്നം പരിഹരിക്കുമെന്ന് താൻ പറയുന്നില്ലെന്നും എന്നാൽ അത് പരിഹരിച്ച് മുനമ്പം ജനതയ്ക്ക് അവരുടെ ഭൂമിക്കു മേലുള്ള അവകാശം പുനഃസ്ഥാപിക്കുമെന്നും കേന്ദ്രമന്ത്രിയെന്ന നിലയിൽ താൻ ഉറപ്പു നൽകുന്നതായും റിജിജു പറഞ്ഞു.
കോൺഗ്രസും സിപിഎമ്മും മുനമ്പത്തെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കണ്ടത്. അവരെ സംബന്ധിച്ച് മുനമ്പത്തുള്ളത് കുറച്ചു പേർ മാത്രമാണ്. അവരുടെ വോട്ട് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. അതിലും വലിയ വോട്ട് കിട്ടാനുണ്ട് എന്നാണ് അവർ കരുതിയത്. എന്നാൽ തങ്ങൾ നടത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രവർത്തനമല്ലെന്നും സാധാരണ മനുഷ്യർക്ക് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും റിജിജു പറഞ്ഞു.
വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നതിലൂടെ ഞങ്ങൾ മുസ്ലിംകൾക്കും ഇസ്ലാമിനും എതിരാണെന്നാണ് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിച്ചത്. എന്നാൽ ഒരു നിയമത്തിലെ തെറ്റു തിരുത്തുക മാത്രമാണ് ചെയ്തത്. എല്ലാവർക്കും നീതി കിട്ടണം. അനിയന്ത്രിതവും അസാധാരണവുമായ അധികാരമാണ് വഖഫ് ബോർഡിന് ഉണ്ടായിരുന്നത്. അത് ഭേദഗതിയിലൂടെ എടുത്തു മാറ്റി. ഇനി വഖഫ് ബോർഡിന് ഒരു ഭൂമിയും ഏകപക്ഷീയമായി വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാൻ കഴിയില്ല. മുനമ്പത്തെ ജനത ഒരു തെറ്റും ചെയ്തിട്ടില്ല. ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട് നിങ്ങൾ വളരെയധികം ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. ആ പ്രശ്നം കേൾക്കുകയും മനസിലാക്കുകയും ചെയ്യുന്ന ഏക ആൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അദ്ദേഹത്തിന്റെ കൂടി പേരിൽ ഈ പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പു നൽകാനാണ് താൻ മുനമ്പത്തു വന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുനമ്പത്തേത് മതവുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നു റിജിജു പറഞ്ഞു. മുസ്ലിം സമൂഹത്തിന്റെ മതവിശ്വാസങ്ങളിൽ ഇടപെടാനുമല്ല ശ്രമിക്കുന്നത്. സാധാരണക്കാരായ മനുഷ്യർക്ക് നീതി ഉറപ്പാക്കാനാണ് ശ്രമം. വഖഫ് ഭേദഗതി നിയമത്തിലെ ചട്ടങ്ങൾ രൂപീകരിച്ചു കഴിഞ്ഞാൽ അതിലെ മാർഗനിർദേശങ്ങൾ സംസ്ഥാന സർക്കാരിന് അയച്ചു കൊടുക്കും. മുനമ്പം ജനതയ്ക്ക് അവരുടെ ഭൂമിക്കു മേലുള്ള അവകാശം ഉറപ്പാക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്ന് നിർദേശിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ കോടതികളുടെ പരിഗണനയിലാണു മുനമ്പവുമായി ബന്ധപ്പെട്ട വിഷയങ്ങൾ. അത് മറികടക്കുക ഭരണഘടനാപരമായി സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടാണ് പ്രശ്നപരിഹാരത്തിന് ഒരു പ്രത്യേക തീയതി പ്രഖ്യാപിക്കാൻ കഴിയാത്തത്. അതിനർഥം വിഷയം പരിഹരിക്കില്ല എന്നല്ല. മുനമ്പം വിഷയം പരിഹരിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും റിജിജു പറഞ്ഞു.
നേരത്തേ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ മുനമ്പം വിഷയം, രാജ്യത്ത് പലയിടത്തും ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളും ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉന്നയിക്കുകയും ഇതു സംബന്ധിച്ച മെമ്മോറാണ്ടം കൈമാറുകയും ചെയ്തിരുന്നു. വഖഫ് നിയമ ഭേദഗതി നടപ്പിലായ സാഹചര്യത്തിൽ മുനമ്പം വിഷയത്തിൽ സമയബന്ധിതമായി ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടത്. സഭയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണം എന്നാണ് സർക്കാരിന്റെ നിലപാടെന്നും നിയമഭേദഗതി നടപ്പിലായതിനാൽ മുനമ്പം വിഷയങ്ങൾ പോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കില്ല എന്നും കേന്ദ്രമന്ത്രി അദ്ദേഹത്തോട് പറഞ്ഞു. കേന്ദ്ര ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ, മുനമ്പം വേളാങ്കണ്ണി മാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യർ തറയിൽ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവരും കേന്ദ്രമന്ത്രി റിജിജുവിനെപ്പം മുനമ്പത്തെത്തി.