കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ജാമ്യം കിട്ടിയിട്ടും ജയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിന്റെ കാരണം വ്യക്തമാക്കി വ്യവസായി ബോബി ചെമ്മണ്ണൂർ. നിസ്സാര കേസിൽ അറസ്റ്റിലായ സഹതടവുകാർക്ക് ജാമ്യത്തിന് പണം ശരിയാക്കാനായാണ് ഒരു ദിവസം കൂടി ജയിലിൽ കഴിഞ്ഞതെന്ന് ബോബി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബോബി ജയിലിൽ നിന്ന് ഇറങ്ങാതിരുന്നത് ഗൗരവമായെടുത്ത ഹെെക്കോടതി വീണ്ടും കേസ് പരിഗണിക്കുകയും ജാമ്യം റദ്ദാവുകയും ചെയ്യുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് അഭിഭാഷകർ പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ബോബിയെ പുറത്തിറക്കിയത്.
‘ഭക്ഷണം കഴിച്ചിട്ട് ഹോട്ടലിൽ ബിൽ കൊടുക്കാത്തതിന് അറസ്റ്റിലായവർ ഉൾപ്പടെ ജയിലിൽ ഉണ്ട്. ഇത്തരത്തിൽ 10-26 കേസുകൾ. അവരൊക്കെ 5000, 10000 രൂപയില്ലാത്തതിനാൽ ജാമ്യം കിട്ടാതെ വിഷമിക്കുന്നവരാണ്. ഇവർ എന്റെയടുത്ത് വന്നപ്പോൾ ഞാൻ പരിഹരിക്കാമെന്ന് പറഞ്ഞു. അവരെ സഹായിക്കാനാണ് ഒരു ദിവസം കൂടി ജയിലിൽ നിന്നത്. ഇത് കോടതിയലക്ഷ്യമല്ല. ജാമ്യ ഉത്തരവിന്റെ കടലാസ് ഇന്നാണ് കിട്ടിയത്’,- ബോബി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് ബോബി കൂടുതൽ പ്രതികരിച്ചില്ല.
ജാമ്യം ലഭിച്ചിട്ടും ഇന്നലെ പുറത്തിറങ്ങാത്തതിന് അതിരൂക്ഷ വിമർശനമാണ് ബോബിക്കെതിരെ കോടതി നടത്തിയിരിക്കുന്നത്. ഇനിയും നാടകം കളിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കോടതി. ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാത്തതിൽ ബോബി ചെമ്മണ്ണൂർ പുതിയ കഥ മെനയാൻ ശ്രമിക്കുകയാണോയെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ചോദിച്ചു. ജാമ്യ ഉത്തരവ് ലഭിച്ചിട്ടും കഴിഞ്ഞ ദിവസം ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാത്തതിൽ എത്രയും വേഗം വിശദീകരണം നൽകാൻ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]