
ദില്ലി: പാർലമെന്റിലെ സുരക്ഷാവീഴ്ചയില്‍ 7 സുരക്ഷ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അമർഷം രേഖപ്പെടുത്തി. അതേസമയം, സംഭവത്തില്‍ അമിത്ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം ഉയരുകയാണ്. ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് സ്പീക്കര്‍ അറിയിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ 2 മണി വരെ നിർത്തിവച്ചു
പാർലമെന്റിന്റെ 22 ആം വാർഷികദിനത്തിൽ ഉണ്ടായ വൻ സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. അതീവ സുരക്ഷാസന്നാഹങ്ങൾ മറികടന്നാണ് പുതിയ സഭാമന്ദിരത്തിൽ യുവാക്കൾ കടന്നുകയറി പ്രതിഷേധിച്ചത്. സർക്കാർ നയങ്ങളോടുള്ള എതിർപ്പാണ് പ്രതിഷേധത്തിന് കാരണം എന്നാണ് പ്രതികളുടെ മൊഴി. ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നൽകാനാണ് ശ്രമിച്ചത് എന്നാണ് പുലർച്ചെ 3 മണി വരെ നീണ്ട ചോദ്യം ചെയ്യലിനിടെ പ്രതികൾ പറഞ്ഞതായി വ്യക്തമാകുന്നത്. ജനുവരി മുതൽ പദ്ധതിയുടെ ആലോചന തുടങ്ങി. കേസിൽ ഒരാളെ കൂടി ഇനി കണ്ടെത്താനുണ്ട്. പാർലമെൻ്റ് സുരക്ഷയ്ക്കുള്ള കൂടുതൽ ഉപകരണങ്ങൾ വാങ്ങാൻ ടെൻഡർ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. സംഭവത്തില്‍ ജെപിസി അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനായി അടിയന്തരപ്രമേയത്തിന് നോട്ടീസും നൽകി.
പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ മറ്റൊരാള്‍ ആണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭഗത് സിങ് എന്ന ഗ്രൂപ്പിൻ്റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറയുന്നു. പാർലമെൻ്റിൽ എത്തുന്നതിന് മുമ്പ് പ്രതികൾ ഇന്ത്യാ ഗേറ്റിൽ ഒത്തുകൂടിയെന്നും ഇവിടെ വെച്ച് കളർ പടക്കം കൈമാറിയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. ചണ്ഡീഗഢിലെ പ്രതിഷേധത്തിനിടെയാണ് പ്രതികൾ പരസ്പരം കണ്ടുമുട്ടിയത്. പിന്നീട് പല തവണ ഗുരുഗ്രാമിലെ വീട്ടിൽ ഇവർ കൂടിക്കാഴ്ച്ച നടത്തിയെന്നും സ്പെഷ്യല്‍ സെൽ വൃത്തങ്ങൾ പറയുന്നു.
Last Updated Dec 14, 2023, 11:18 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]