
മലപ്പുറം: നാട്ടുകാരില്‍ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെത്തുടര്‍ന്ന് മലപ്പുറം ഒതുക്കങ്ങലിൽ കട ഉദ്ഘാടനത്തിന് എത്തിയ യുട്യൂബറായ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ പൊലീസ് തിരിച്ചയച്ച വാർത്ത പുറത്തുവന്നിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും അപ്പുറം ആളുകളെത്തിയതോടെയാണ് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ട് പൊലീസിന്റെ ഇടപെടല്‍. ഒതുക്കുങ്ങലില്‍ പുതിയതായി തുടങ്ങിയ ജെന്റ്സ് വെയര്‍ കടയുടെ ഉദ്ഘാടനത്തിന് തൊപ്പിയെന്ന മുഹമ്മദ് നിഹാദെത്തുമെന്ന വിവരം സോഷ്യല്‍ മീഡിയയിലാണ് പ്രചരിച്ചത്.
വൈകിട്ടായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചതെങ്കിലും, പൊലീസിനെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി ഉച്ചയോടെ തൊപ്പിയാരാധകരുടെ കുത്തൊഴുക്കായിരുന്നു ഈ പ്രദേശത്ത്. എത്തിവരിൽ കുട്ടികളായിരുന്നു അധികവും. എന്നാൽ തൊപ്പിയെത്തുന്നതില്‍ പ്രതിഷേധവുമായി ചില നാട്ടുകാരും സംഘടിച്ചു. അനിയന്ത്രി ആൾക്കൂട്ടത്തിനൊപ്പം ഗതാഗത തടസ്സം കൂടിയുണ്ടായതോടെ പിന്നെ പൊലീസ് ഇടപെട്ടു. ഒതുക്കങ്ങിലില്‍ എത്തും മുമ്പ് തന്നെ വഴിയരികില്‍ കാത്തു നിന്ന് പൊലീസ് തൊപ്പിയെ തിരിച്ചയച്ചു. എന്നിട്ടും ഏറെ നേരം കാത്തിരുന്നായിരുന്നു ആള്‍ക്കൂട്ടം പിരിഞ്ഞുപോയത്.
റോഡില്‍ ഗതാഗത തടസ്സം ഉണ്ടാക്കിയതിന് കടയുടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് നിഹാദിനോട് മടങ്ങാന്‍ അഭ്യര്‍ത്ഥിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ വളാഞ്ചേരിയില്‍ കട ഉദ്ഘാടനത്തിനെത്തിയ നിഹാദിനെതിരെ അശ്ലീല പദപ്രയോഗം നടത്തിയതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും കേസെടുത്തിരുന്നു. ഈ കേസില്‍ എറണാകുളം എടത്തലയില്‍ സുഹൃത്തിന്റെ വീട്ടിലെത്തിയാണ് നിഹാദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് നിഹാദിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. സാമുഹ്യമാധ്യമങ്ങളില്‍ അശ്ലീലം പ്രചരിപ്പിച്ചതിന് കണ്ണപുരം പോലീസും ,കമ്പി വേലി നിര്‍മ്മിച്ച് നല്‍കുന്നയാളെ അശ്ലീലം പറഞ്ഞ് നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് ശ്രീകണ്ഠപുരം പോലീസും മുമ്പ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net