
കോഴിക്കോട്: നവകേരള സദസിന്റെ ഭാഗമാവാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി സന്ദേശം വിവാദത്തിലായതിന് പിന്നാലെ ഉള്ള്യേരി പഞ്ചായത്തിന്റെ പ്രതികാര നടപടി. യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ പെട്ടിക്കടയ്ക്ക് 10000 രൂപ പിഴയിട്ടു. കനാലിലേക്ക് മാലിന്യമൊഴുക്കുന്നെന്ന് കാണിച്ചാണ് ഉച്ചയോടെ പിഴ നോട്ടീസ് നൽകിയത്. വൈസ് പ്രസിഡന്റ് എൻഎം ബലരാമന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ രാവിലെ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴ നോട്ടീസ് നൽകിയത്.
നവകേരള സദസിന്റെ പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കരുതെന്നും, പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് തൊഴിലുമായി ബന്ധപ്പെട്ട മസ്റ്റർ റോളിൽ ഉൾപ്പെടുത്തേണ്ടെന്ന് സർക്കാർ തീരുമാനമുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശം. ഇന്ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ജനറൽ ബോഡിയിൽ പങ്കെടുക്കാനായിരുന്നു ബലരാമൻ ആവശ്യപ്പെട്ടത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റായ വിഎം ബലരാമൻ. ഈ മാസം 24,25,26 തീയതികളാണ് കോഴിക്കോട് നവകേരള സദസ് നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ പ്രചാരണ പരിപാടികളിൽ പങ്കെടുപ്പിക്കാനായി സാന്ദര്‍ഭികമായി പറഞ്ഞതാണെന്നും അല്ലാതെ ഉത്തരവൊന്നുമില്ലെന്നും വിവാദമായതിന് പിന്നാലെ ബലരാമൻ വിശദീകരിച്ചിരുന്നു.
Last Updated Nov 13, 2023, 9:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]