
പാരിസ് – യൂറോ 2024 ബെര്‍ത്ത് കൈപ്പിടിയിലെത്തി നില്‍ക്കെ വിരണ്ടുവെങ്കിലും ഫ്രാന്‍സും ബെല്‍ജിയവും പോര്‍ചുഗലും ഫൈനല്‍ റൗണ്ടിലെത്തുന്ന ആദ്യ ടീമുകളായി. മൂന്നു ഗോള്‍ ലീഡ് തുലക്കുമെന്നു കരുതിയ ബെല്‍ജിയം പത്തു പേരുമായി കളിച്ച് 3-2 ന് ഓസ്ട്രിയയെ മറികടന്നു. ഗ്രൂപ്പ് എഫില്‍ അവര്‍ക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നുറപ്പായി. കീലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളില്‍ ഫ്രാന്‍സ് ആംസ്റ്റര്‍ഡാമില്‍ നെതര്‍ലാന്റ്സിനെ 2-1 ന് തോല്പിച്ചു. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഇരട്ട ഗോളടിച്ചുവെങ്കിലും സ്ലൊവാക്യയെ 3-2 ന് തോല്പിക്കാന് പോര്‍ചുഗലും പ്രയാസപ്പെട്ടു.
ആംസ്റ്റര്‍ഡാമില്‍ എംബാപ്പെയുടെ രണ്ടു ഗോളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ആദ്യത്തേത് ഏഴാം മിനിറ്റിലും രണ്ടാമത്തേത് ഇടവേളക്കു ശേഷം എട്ടാം മിനിറ്റിലും. നാല്പത്തിരണ്ട് ഗോളുകളോടെ ഫ്രഞ്ച് ഇതിഹാസം മിഷേല്‍ പ്ലാറ്റീനിയെ എംബാപ്പെ മറികടന്നു. ക്വിലിന്ഷി ഹാര്‍ട്മാനിലൂടെ ഡച്ച് നിര മറുപടി നല്കി. അവസാന വേളയില്‍ ഷോട്ടിന് ക്രോസ് ബാര്‍ തടസ്സം നിന്നതിനാല്‍ എംബാപ്പെക്ക് ഹാട്രിക് നഷ്ടപ്പെട്ടു.
ഗ്രീസ് 2-0 ന് അയര്‍ലന്റിനെ തോല്പിച്ച് പോയന്റ് പട്ടികയില്‍ ഡച്ചിന് മൂന്നു പോയന്റ് മുകളില്‍ കയറി. അയര്‍ലന്റ് പുറത്തായി. ഗ്രീസും നെതര്‍ലാന്റ്സും തമ്മിലുള്ള നിര്‍ണായക മത്സരം തിങ്കളാഴ്ചയാണ്, ആതന്‍സില്‍.
ദോദി ലുകെബാക്കിയോയുടെ ആദ്യ രണ്ട് ഗോളുകളാണ് വിയന്നയില്‍ ബെല്‍ജിയത്തിന് കരുത്തു പകര്‍ന്നത്. ക്യാപ്റ്റന്‍ റൊമേലു ലുകാകുവും സ്കോര്‍ ചെയ്തതോടെ അമ്പത്തെട്ടാം മിനിറ്റില്‍ ബെല്‍ജിയം 3-0 ന് മുന്നിലെത്തി. കോണ്‍റാഡ് ലെയ്മറുടെ ലോംഗ്റെയ്ഞ്ച് ഗോള്‍ ഓസ്ട്രിയയുടെ തിരിച്ചുവരവിന് തുടക്കമിട്ടു. അമാദു ഒമാന ചുവപ്പ് കാര്‍ഡ് കണ്ടതോടെ ബെല്‍ജിയം പരുങ്ങി. മാഴ്സല്‍ സാബിറ്റ്സറുടെ പെനാല്‍ട്ടി സ്കോര്‍ 2-3 ആക്കി. എന്നാല്‍ തുടര്‍ച്ചയായ മൂന്നാം യൂറോ ബെര്‍ത്ത് നേടുന്നതില്‍ നിന്ന് ബെല്‍ജിയത്തെ തടയാന്‍ ഓസ്ട്രിയക്ക് സാധിച്ചില്ല. യൂറോ യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയത്തിന്റെ അവസാന തോല്‍വി 2015 ജൂണിലാണ്. രണ്ടാം സ്ഥാനത്ത് സ്വീഡന് മേല്‍ ഓസ്ട്രിയക്ക് ഏഴ് പോയന്റ് ലീഡുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
