
മിനിമം ബാലൻസ് പോലും ഇല്ലാത്ത നിങ്ങളുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം രാവിലെ നോക്കുമ്പോൾ ഒരുകോടി രൂപ വന്നാൽ എങ്ങനെയിരിക്കും. ഹൃദയാഘാതം പോലും വന്നേക്കാം അല്ലേ? എന്നാൽ, ലണ്ടനിൽ നിന്നുള്ള ഒരാളുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം രാവിലെ ഒരുകോടി രൂപ വന്നു.
രാവിലെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇയാൾ തന്റെ അക്കൗണ്ടിൽ 122,000 പൗണ്ട് വന്നിരിക്കുന്നതായി കണ്ടത്. ഇത് ഏകദേശം 1.2 കോടി വരും. അതുകണ്ട് താൻ അന്ധാളിച്ചു പോയി എന്നാണ് 41 -കാരനായ ഉർസ്ലൻ ഖാൻ പറയുന്നത്. അയാൾ അതിന് മുമ്പ് അക്കൗണ്ട് പരിശോധിച്ചപ്പോൾ അതിൽ വെറും ഒരു പൗണ്ടാണ് ഉണ്ടായിരുന്നത്. അതിന്റെ സ്ഥാനത്താണ് 122,000 പൗണ്ട് കയറിയത്.
ഉടനെ തന്നെ അയാൾ ഈ വിവരം പറയുന്നതിനായി തന്റെ ബാങ്കായ ഗേറ്റ്ഹൗസ് ബാങ്കിനെ വിളിച്ചു. ആദ്യം ബാങ്ക് പറഞ്ഞത് ആ പണം അയാളുടേതാണ് എന്നാണ്. എന്നാൽ, അധികം വൈകാതെ തന്നെ ബാങ്ക് ഖാനെ വിളിച്ച് തങ്ങൾക്ക് തെറ്റുപറ്റിയതാണ് എന്നും ആ പണം ഉടൻ തിരിച്ചടക്കണം എന്നും അറിയിച്ചു. ഖാന് അതിൽ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഉടനെ തന്നെ അയാൾ പണം തിരികെ അടക്കുകയും ചെയ്തു.
ഇനി എന്താണ് ബാങ്കിന്റെ ഭാഗത്ത് നിന്നും സംഭവിച്ചത് എന്നല്ലേ? ആ ബാങ്കിൽ ഒരാൾക്ക് രണ്ട് അക്കൗണ്ട് ഉണ്ടായിരുന്നു. അക്കൗണ്ട് എ, അക്കൗണ്ട് ബി. അയാളുടെ തന്നെ എ അക്കൗണ്ടിൽ നിന്നും ബി അക്കൗണ്ടിലേക്ക് പണം മാറ്റവേ അബദ്ധത്തിൽ അത് ഖാന്റെ അക്കൗണ്ടിലേക്ക് മാറി വരികയായിരുന്നത്രെ. ഏതായാലും, ഉടനടി ഖാൻ ബാങ്കിനെ ബന്ധപ്പെടുകയും ആ പണം തിരികെ അടക്കുകയും ചെയ്തത് കൊണ്ട് തന്നെ വലിയ സങ്കീർണ്ണതകളില്ലാതെ തന്നെ സംഭവമെല്ലാം അവസാനിച്ചു.
ശോ, എന്നാലും ഓർക്കാപ്പുറത്ത് ഒരുകോടി രൂപ അക്കൗണ്ടിൽ വരികയും മണിക്കൂറുകൾക്കുള്ളിൽ അത് പോവുകയും ചെയ്യുന്നത് സങ്കടകരം തന്നെ അല്ലേ? പക്ഷേ, നമുക്ക് അർഹതയില്ലാത്തത് നാമെങ്ങനെ സ്വന്തമാക്കും?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Oct 13, 2023, 2:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]