ദില്ലി: അയ്യപ്പ സംഗമം ധൂർത്താണെന്ന വി മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി കെ കെ ശൈലജ. ചിലരുടെ തനിനിറം വ്യക്തമാകുന്നുവെന്ന് കെ കെ ശൈലജ വിമര്‍ശിച്ചു.
അയ്യപ്പ സംഗമത്തെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. ശബരിമല അന്താരാഷ്ട്ര പ്രസക്തിയുള്ള തീർത്ഥാടന കേന്ദ്രമാകുകയാണ്.
സർക്കാർ ഉദ്ദേശം യാതൊരു വിവേചനവും ഇല്ലാതെ എല്ലാ സൗകര്യങ്ങളും ഒരുക്കി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു. അയ്യപ്പ സംഗമത്തെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടത്. ശബരിമലയുടെ എല്ലാ ശാലീനതയും നിലനിർത്തിയാണ് മുന്നോട്ടുപോക്ക്.
വലിയ പിന്തുണ ഇക്കാര്യത്തിൽ ലഭിക്കുന്നുണ്ട്. ഇതിൽ എന്താണ് ധൂർത്തായി കാണുന്നതെന്ന് കെ കെ ശൈലജ ചോദിച്ചു.
സർക്കാരും ദേവസ്വം വകുപ്പ് മന്ത്രിയും അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കി. നിരവധി പേർ സംഭാവന നൽകാൻ തയ്യാറാണ്.
അത്തരം നല്ല മനസ്സുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ശബരിമലയെ ശക്തിപ്പെടുത്താനാണ് ശ്രമം. ഹൈക്കോടതി തന്നെ അക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹർജികൾ ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജികൾ. കേസിൽ ഹൈക്കോടതിയിലെ ഹർജിക്കാരൻ വി സി അജികുമാറും ഡോ.
പിഎസ് മഹേന്ദ്ര കുമാർ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്റെ രാഷ്ട്രീയ നീക്കമെന്നും പമ്പ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാർ നൽകിയ ഹർജിയിൽ വാദിക്കുന്നു.
പ്രാഥമികകാര്യങ്ങൾ പരിശോധിക്കാതെയാണ് ഹൈക്കോടതി തീരുമാനമെന്നും ഹർജിയിൽ പറയുന്നു. അജികുമാറിനായി അഭിഭാഷകൻ ടോം ജോസഫാണ് ഹർജി സമർപ്പിച്ചത്.
അതേസമയം ഡോ. പി എസ് മഹേന്ദ്ര കുമാർ നൽകിയ ഹർജിയിൽ പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും ദേവസ്വം ബോർഡുകളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.
ആഗോള അയ്യപ്പസംഗമം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരുകള്‍ക്ക് മതസംഗമങ്ങളുടെ പേരില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താന്‍ കഴിയുമെന്നും ഹർജിയിൽ വാദിക്കുന്നു. മഹേന്ദ്ര കുമാറിനായി അഭിഭാഷകൻ എംഎസ് വിഷ്ണു ശങ്കറാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തതത്.
ഹർജികളിൽ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]