ജറുസലം ∙
നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയിൽ നടത്തിയ ആക്രമണം ഇസ്രയേലിന് തിരിച്ചടിയാകുന്നു. മധ്യസ്ഥ ചർച്ചയ്ക്കായി ഖത്തറിൽ എത്തിയ ഹമാസ് ഉന്നത നേതാവ് ഖലീൽ അൽ ഹയ്യ, ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവൻ സഹീർ ജബാറിൻ, ശൂറ കൗൺസിൽ അധ്യക്ഷൻ മുഹമ്മദ് ദാർവിഷ്, വിദേശകാര്യ തലവൻ ഖാലിദ് മാഷൽ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം.
നേതൃനിരയെ ഒന്നാകെ ഇല്ലാതാക്കിയാൽ ഹമാസ് നിർവീര്യമാകുമെന്ന കണക്കുകൂട്ടലിലാണ് വെടിനിർത്തൽ ചർച്ചയ്ക്ക് എത്തിയ നേതാക്കളെ വധിക്കാൻ ഖത്തറിന്റെ മണ്ണിലാണെങ്കിലും ആക്രമണം നടത്തുകയെന്ന സാഹസത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തയാറായത്.
എന്നാൽ ലക്ഷ്യം നിറവേറ്റാൻ ഇസ്രയേലിനായില്ല എന്നു മാത്രമല്ല ലോകരാജ്യങ്ങൾക്കിടയിൽ ഇസ്രയേൽ ഒറ്റപ്പെടുകയും ചെയ്തു.
ഗാസയിലെ വെടിനിർത്തലിനായി ഡോണൾഡ് ട്രംപ് മുന്നോട്ടു വച്ച ഏറ്റവും പുതിയ നിർദേശങ്ങളെ തത്വത്തിൽ അംഗീകരിക്കുന്നെന്നും ചർച്ചകൾക്ക് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെയായിരുന്നു ചൊവ്വാഴ്ച ഇസ്രയേലിന്റെ ആക്രമണം. വെടിനിർത്തൽ ചർച്ചയ്ക്ക് എത്തിയവരെ വധിക്കാൻ ശ്രമിച്ചതും ചർച്ചയ്ക്ക് മാധ്യസ്ഥം വഹിച്ച ഖത്തറിൽ ആക്രമണം നടത്തിയതും ഇസ്രയേലിന് ന്യായീകരിക്കാൻ സാധിക്കില്ല.
സംഘർഷം അവസാനിപ്പിച്ച് അതിന്റെ നേട്ടം ഏറ്റെടുക്കാൻ കാത്തിരുന്ന ട്രംപിനും ഇസ്രയേലിന്റെ നീക്കം തിരിച്ചടിയായി. ആക്രമണം നെതന്യാഹുവിന്റെ തീരുമാനമാണെന്ന പ്രസ്താവനയിലൂടെ ഇസ്രയേലിന്റെ നടപടിയിൽ അതൃപ്തി പരസ്യമാക്കിയ ട്രംപ്, ആക്രമണം ഇനി ആവർത്തിക്കില്ലെന്ന് ഖത്തറിന് ഉറപ്പുനൽകുകയും ചെയ്തു.
ഗൾഫ് രാജ്യങ്ങളിൽ യുഎസിന് സൈനിക താവളങ്ങളുണ്ട്.
അടുത്ത കാലത്ത് ഈ രാജ്യങ്ങളുമായി യുഎസ് വ്യാപാരം, നിക്ഷേപം ഉള്പ്പെടെയുള്ള മേഖലകളില് സഹകരണം യുഎസ് ശക്തമാക്കിയിരുന്നു. ആദ്യമായി ഒരു ഗൾഫ് രാജ്യത്ത് ഇസ്രയേൽ നടത്തിയ ആക്രമണം ഇസ്രയേലിന്റെ ഉറ്റ സൂഹൃത്തായ യുഎസിനെയും ബാധിക്കുന്നതാണ്.
ഇത് തിരിച്ചറിഞ്ഞാണ്, പ്രതിഷേധം തണുപ്പിക്കാൻ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനിക്ക് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിരുന്നൊരുക്കിയത്. യുഎസ് പ്രസിഡന്റിന്റെ ഉപദേഷ്ടാവും പ്രത്യേകദൂതനുമായ സ്റ്റീവ് വിറ്റ്കോഫും വിരുന്നിൽ പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ അൽതാനിയുമായി ഒരു മണിക്കൂർ ചർച്ച നടത്തുകയും ചെയ്തു. ചർച്ചകൾക്കായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇസ്രയേലിലേക്കു പുറപ്പെട്ടതും നിലവിലെ സാഹചര്യം കണക്കിലെടുത്താണ്.
ദോഹയിൽ നടന്ന വ്യോമാക്രമണത്തെ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അപലപിക്കാൻ ബ്രിട്ടനും ഫ്രാൻസും ചേർന്നു തയാറാക്കിയ പ്രമേയത്തെ, ഇസ്രയേലിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന യുഎസ് ഉൾപ്പെടെ പിന്തുണച്ചത് ശ്രദ്ധേയമാണ്.
നേരത്തേ ഇസ്രയേലിനെതിരെ വന്ന പ്രമേയങ്ങളെല്ലാം യുഎസ് വിറ്റോ ചെയ്യുകയായിരുന്നു പതിവ്.
ഖത്തറിലെ ആക്രമണം ഏകപക്ഷീയവും ഇസ്രയേൽ താൽപര്യങ്ങൾക്കു നിരക്കാത്തതുമാണെന്നാണ് യുഎസ് പറഞ്ഞത്. ഖത്തർ ആക്രമിച്ച നെതന്യാഹുവിന്റെ നടപടിയിൽ ട്രംപിനുള്ള അതൃപ്തി പ്രമേയത്തെ പിന്തുണച്ചതിലൂടെ കൂടുതൽ വ്യക്തമായി.
അതേസമയം, ഏതെങ്കിലുമൊരു ഗൾഫ് രാജ്യത്തിനുനേരെയുള്ള ആക്രമണം മുഴുവൻ ജിസിസി രാജ്യങ്ങളുടെയും നേരെയുള്ള ആക്രമണമായി മാത്രമേ കാണാൻ കഴിയൂ എന്ന് യുഎഇയും വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തെ അറബ് പാർലമെന്റും ആഫ്രിക്കൻ പാർലമെന്റും അപലപിച്ചു.
പലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിച്ച് യുഎൻ പൊതുസഭയിൽ ഫ്രാൻസ് കൊണ്ടുവന്നപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്ത ഇന്ത്യയുടെ നടപടിയും ഇസ്രയേലിന് തിരിച്ചടിയാണ്.
അടുത്തകാലത്തായി യുഎൻ പൊതുസഭയിൽ ഗാസ വിഷയം വോട്ടിനുവരുമ്പോൾ വിട്ടുനിൽക്കുന്ന സമീപനം സ്വീകരിച്ചിരുന്ന ഇന്ത്യയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നാലു തവണ ഗാസ വിഷയത്തിൽ ഇന്ത്യ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]