
കോതമംഗലം: നേര്യമംഗലത്ത് പണികഴിപ്പിച്ചിട്ടുള്ള പിഡബ്ല്യൂഡി എഞ്ചിനീയർമാർക്ക് വേണ്ടിയുള്ള പരിശീലന കേന്ദ്രത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10 മണിക്ക് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് കോതമംഗലം എ.എൽഎ ആൻ്റണി ജോൺ അറിയിച്ചു. നേര്യമംഗലത്ത് പെരിയാറിനോട് ചേർന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ആറ് ഏക്കർ സ്ഥലത്താണ് പൊതുമരാമത്ത് വകുപ്പ് പരിശീലന കേന്ദ്രവും പിഡബ്ല്യൂഡി റസ്റ്റ് ഹൗസും നിർമ്മിച്ചിട്ടുള്ളത്. കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, ഓഡിയോ വിഷ്വൽ ഹാൾ, ലൈബ്രറി ഹാൾ, സെമിനാർ ഹാൾ, കിച്ചൺ , ഡൈനിംഗ് ഹാൾ എന്നിവയുൾപ്പെടെ 4768 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ട്രെയിങ് സെന്റർ നിർമ്മിച്ചിട്ടുള്ളത്. 45 വിശ്രമ മുറികളും 3 സ്യൂട്ട് മുറികളും ഉൾപ്പെടെ 4 നിലകളിലായി 3517 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ റസ്റ്റ് ഹൗസിന്റെ നിർമ്മാണവും, കോമ്പൗണ്ടിനുള്ളിൽ 276 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റീജിയണൽ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയും പൂർത്തീയാക്കിയിട്ടുണ്ട് . വിവിധഘട്ടങ്ങളിലായി 26 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ പൂർത്തിയായിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 150 പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർമാർക്കുള്ള പരിശീലനവും ഇവിടെ വച്ച് നടക്കുന്നതാണ്.